ജയ്പൂര്‍: ബാഡ്മിന്റണ്‍ താരം പി.വി സിന്ധു വിവാഹിതയായി. ഐ.ടി പ്രൊഫഷണലായ വെങ്കടദത്ത സായിയാണ് വരന്‍. സോഫ്റ്റ്‌വെയര്‍ കമ്പനിയായ പൊസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യുട്ടീവിന്റെ ഡയറക്ടര്‍ ആണ്. ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിള്‍സ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം.
വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസത്തെ വിവാഹച്ചടങ്ങുകള്‍ ഉദയ്പൂരിലെ റിസോര്‍ട്ടില്‍ പൂര്‍ത്തിയായി. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശിഷ്ടാതിഥികളും ചടങ്ങില്‍ സംബന്ധിച്ചു. ദമ്പതികള്‍ ഇതുവരെ ഫോട്ടോകള്‍ പങ്കിട്ടിട്ടില്ലെങ്കിലും പരിപാടിയുടെ നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
വിവാഹത്തില്‍ രാജ്യത്തെ രാഷ്‌ട്രീയ, കായിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ഇന്ന് ഹൈദരാബാദില്‍ ഇരുകുടുംബങ്ങളും ചേര്‍ന്ന് വിവാഹസത്കാരം നടത്തും. ഇരു കുടുംബങ്ങളും തമ്മില്‍ ഏറെക്കാലത്തെ ബന്ധമുണ്ടെന്നും വിവാഹക്കാര്യം ഒരുമാസം മുന്‍പാണ് തീരുമാനിച്ചതെന്നും സിന്ധുവിന്റെ അച്ഛനും മുന്‍ വോളിബോള്‍ താരവുമായ പി.വി. രമണ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക