മോസ്‌കോ: പുറത്താക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദ് വിവാഹമോചനം നേടുന്നു. റഷ്യന്‍ കോടതിയില്‍ വിവാഹമോചനത്തിനായി കേസ് ഫയല്‍ ചെയ്തു. അസദിന്റെ 270 കിലോഗ്രാം സ്വര്‍ണവും രണ്ട് ബില്യണ്‍ യുഎസ് ഡോളറും മോസ്‌കോയിലെ 18 അപ്പാര്‍ട്ടുമെന്റുകളും ഉള്‍പ്പെടുന്ന സ്വത്തുക്കള്‍ റഷ്യന്‍ അധികൃതര്‍ മരവിപ്പിച്ചെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് വിവാഹമോചനനീക്കം പുറത്തുവരുന്നത്.
സിറിയന്‍ മാതാപിതാക്കളുടെ മകളായി യുകെയില്‍ ജനിച്ചുവളര്‍ന്ന അസ്മ തിരിച്ച് ജന്മനാട്ടിലേക്ക് തന്നെ മടങ്ങിപ്പോകണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2000 ഡിസംബറിലാണ് ബഷാര്‍ അല്‍ അസദിനെ വിവാഹം കഴിച്ചത്. വിമത സൈന്യം സിറിയ കീഴടക്കിയതോടെ പ്രത്യേക വിമാനത്തില്‍ അസദ് കുടുംബസമേതം റഷ്യയിലേയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു. രാജ്യം വിടുന്നതിന് റഷ്യന്‍ കോടതിയില്‍നിന്നു പ്രത്യേക അനുമതി അവര്‍ തേടിയിട്ടുണ്ടെന്നാണ് വിവരം.
അപേക്ഷ റഷ്യന്‍ അധികൃതര്‍ പരിശോധിക്കുകയാണ്. ബ്രിട്ടിഷ്, സിറിയ ഇരട്ടപൗരത്വമുള്ളയാളാണ് അസ്മ. കംപ്യൂട്ടര്‍ സയന്‍സിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദമുള്ള അസ്മ പിന്നീട് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് മേഖലയിലാണ് ജോലി നോക്കിയത്. ഹഫീസ്, സെയ്ന്‍, കരീം എന്നിവരാണു മക്കള്‍. സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയപ്പോള്‍ത്തന്നെ മക്കള്‍ക്കൊപ്പം ലണ്ടനിലേക്കു പോകാന്‍ അവര്‍ ശ്രമിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: