Kerala

യുവശാക്തീകരണം; 71000ത്തിലധികം പേര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി

Published by

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71000ത്തിലധികം യുവാക്കള്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി. പുതുതായി നിയമിതരായവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. രാജ്യത്തെ യുവപ്രതിഭകളുടെ കഴിവുകളെ പൂര്‍ണമായി ഉപയോഗിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പത്തു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങള്‍ക്കു സംഘടിത ശ്രമം നടത്തുന്നുണ്ട്. ഒന്നര വര്‍ഷത്തിനിടെ 10 ലക്ഷം ജോലി വാഗ്ദാനം ചെയ്തു. പൂര്‍ണമായും സുതാര്യമായാണ് ഈ നിയമനങ്ങള്‍. പുതുതായി ജോലി നേടിയവര്‍ അര്‍പ്പണ ബോധത്തോടെയും സമഗ്രതയോടെയും രാജ്യത്തെ സേവിക്കുന്നു.

കുവൈറ്റില്‍ നിന്ന് മടങ്ങിയെത്തിയ എന്റെ ആദ്യ പരിപാടി രാജ്യത്തെ യുവാക്കളോടൊപ്പമാണെന്നത് വളരെ സന്തോഷകരമായ യാദൃച്ഛികതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുവൈറ്റില്‍ യുവാക്കളുമായും പ്രൊഫഷണലുകളുമായും വിപുലമായ ചര്‍ച്ചകള്‍ നടത്തി. നിയമനം ലഭിച്ച ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തുടക്കമാണ്. അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി, വര്‍ഷങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടു. 2024 അവര്‍ക്ക് പുതിയ സന്തോഷം നല്കുന്നു. അവര്‍ക്കും കുടുംബങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

ഒരു രാജ്യത്തിന്റെ വികസനം യുവാക്കളുടെ കഠിനാധ്വാനം, കഴിവ്, നേതൃത്വം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. രാജ്യത്തിന്റെ നയങ്ങളും തീരുമാനങ്ങളും കഴിവുള്ള യുവാക്കളെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ 2047ല്‍ വികസിത രാഷ്‌ട്രമാകാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണ്. മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങള്‍ യുവാക്കളെ മുന്‍നിരയിലെത്തിച്ചു. ഭാരതം ഇപ്പോള്‍ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയും മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റവുമാണ്, മോദി അഭിപ്രായപ്പെട്ടു.

ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഭാരതത്തെ നയിക്കുന്നു. മാതൃഭാഷയില്‍ പഠനവും പരീക്ഷയും അനുവദിച്ചും 13 ഭാഷകളില്‍ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ നല്കിയും ഗ്രാമീണ യുവാക്കള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കുമുള്ള ഭാഷാ തടസങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്കുള്ള ക്വാട്ട വര്‍ധിപ്പിക്കുകയും സ്ഥിരനിയമനങ്ങള്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് റാലികള്‍ നടത്തുകയും ചെയ്യുന്നു.

കേന്ദ്ര സായുധ പോലീസ് സേനയിലേക്ക് 50000ത്തിലധികം പേര്‍ക്ക് നിയമന ഉത്തരവ് നല്കി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ഗ്രാമീണ കാര്‍ഷിക മേഖലയില്‍ യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങളും സ്വയംതൊഴില്‍ അവസരങ്ങളും സൃഷ്ടിച്ചു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്താകെ 45 കേന്ദ്രങ്ങളില്‍ തൊഴില്‍ മേളയുടെ ഭാഗമായി നിയമന ഉത്തരവുകള്‍ കൈമാറി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക