കോഴിക്കോട്: കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ വാര്‍ഷിക ആദ്ധ്യാത്മിക അന്തര്യോഗത്തിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം നിലമ്പൂര്‍ പാലേമാട് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ നിര്‍വഹിച്ചു. ധാര്‍മ്മികജീവിതം നയിച്ചാല്‍ നമുക്ക് നേടേണ്ടതൊക്കെയും നേടാമെന്ന് അദ്ദേഹം പറഞ്ഞു.
വേദങ്ങളാണ് ധര്‍മ്മത്തിന്റെ പ്രമാണം. മനുഷ്യനെ മനുഷ്യനാക്കുന്നത് അറിവാണ്. എല്ലാ ജീവജാലങ്ങള്‍ക്കും നിലനില്പിനുള്ള അറിവ് സഹജമാണ്. എന്നാല്‍ അവനവനെ അറിയാനുള്ള അറിവ് മനുഷ്യനു മാത്രമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ മിലിട്ടറി ക്യാപ്റ്റനും ശാസ്ത്രജ്ഞയുമായ ഡോ. സ്മൃതികൃഷ്ണയെ ചടങ്ങില്‍ സ്വാമി ചിദാനന്ദപുരി അനുമോദിച്ചു. സ്വാമിനി ശിവാനന്ദപുരി സ്വാഗതവും എം.കെ. രജീന്ദ്രനാഥ് നന്ദിയും പറഞ്ഞു.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ശിബിരത്തിന്റെ വിഷയം ഭഗവദ്ഗീത അഞ്ചാം അദ്ധ്യായത്തെ അധികരിച്ചുള്ള ശാങ്കരഭാഷ്യമാണ്. ശാങ്കരഭാഷ്യം സ്വാമി ചിദാനന്ദ പുരി വ്യാഖ്യാനിക്കും. ഇതിലെ വിവിധ വിഷയങ്ങളെ അധികരിച്ച് സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമിനി ശിവാനന്ദ പുരി, സ്വാമി സത്യാനന്ദ പുരി, സ്വാമി തത്വരൂപാനന്ദ സരസ്വതി, സ്വാമി വിവേകാമൃതാനന്ദ പുരി, സ്വാമി ഹംസാനന്ദ പുരി, സ്വാമി മുക്താനന്ദ യതി, സ്വാമിനി താരാനന്ദ പുരി, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി ദേവാനന്ദ പുരി, സ്വാമിനി ദിവ്യാനന്ദ പുരി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി അഭയാനന്ദ സരസ്വതി, സ്വാമി നരസിംഹാനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി പരമാനന്ദ പുരി എന്നീ ആചാര്യര്‍ ക്ലാസുകളെടുക്കും.
ദിവസവും കാലത്ത് 5.30ന് ആരംഭിക്കുന്ന പരിപാടിയില്‍ സ്തോത്രം, ജപം, ധ്യാനം, ഭജന, ചര്‍ച്ചകള്‍, സംശയനിവാരണം എന്നിവയുമുണ്ടായിരിക്കും. 29ന് രാത്രി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: