തിരുവനന്തപുരം: അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ ആണവനിലയത്തിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിക്കാമെന്ന് കേരളം കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി.
ആണവനിലത്തിന് ഭൂമി അനുവദിക്കാന്‍ സംസ്ഥാനം മുന്‍കൈയെടുക്കണമെന്ന് കേന്ദ്രമന്ത്രി കഴിഞ്ഞദിവസം കോവളത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേരളത്തിന് പുറത്ത് ആണവനിലയം സ്ഥാപിക്കാമെന്ന നിര്‍ദേശം നിവേദനത്തിലൂടെ മുന്നോട്ടുവച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തി. ആണവ നിലയം കേരളത്തില്‍ തന്നെ വേണമെന്നില്ലെന്നും നിലയം സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു.
സംസ്ഥാനത്തെ തോറിയം കേരളത്തിന് പുറത്ത് സ്ഥാപിക്കുന്ന ആണവ നിലയത്തില്‍ എത്തിച്ചു വൈദ്യുതി ഉല്‍പ്പാദിപ്പിക്കനുള്ള പദ്ധതിയാണ് മുന്നേട്ടുവച്ചത്. തോറിയത്തില്‍ നിന്ന് യൂണിറ്റിന് ഒരു രൂപക്ക് വൈദുതി ഉല്‍പാദിപ്പിക്കാമെന്നും നിവേദനത്തിലുണ്ട്. സ്ഥലം കേരളത്തിന് തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചിട്ടുണ്ട്. ചീമേനിയും അതിരപ്പിള്ളിയുമാണ് കേരളത്തില്‍ ആണവ നിലയത്തിനായി നേരത്തെ പരിഗണിച്ച സ്ഥലങ്ങള്‍. എന്നാല്‍ അതിരപ്പിള്ളിയില്‍ ടൂറിസം പദ്ധതിക്ക് ഒരുങ്ങുന്നതായി യോഗത്തില്‍ ഉണ്ടായിരുന്ന കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയും വ്യക്തമാക്കി. ഇതോടെ ആണവ നിലയം സംസ്ഥാനത്തിന് പുറത്ത് നിര്‍മിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: