World

അന്യായ നിരക്ക്: പാനമ കനാല്‍ പിടിച്ചെടുക്കുമെന്ന് ട്രംപ്

Published by

ന്യൂയോര്‍ക്ക്: പാനമ കനാലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിര്‍ത്തണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇല്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്‌ക്കു മുന്നറിയിപ്പ് നല്‍കി. പസഫിക് അറ്റ്‌ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പല്‍ പാതയാണ് മധ്യ അമേരിക്കന്‍ രാജ്യമായ പാനമയിലെ ഈ കനാല്‍.

പാനമ കനാല്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തിലും ട്രംപ് ആശങ്ക രേഖപ്പെടുത്തി. പാനമ ഈടാക്കുന്ന ഫീസ് തികച്ചും പരിഹാസ്യമാണ്, പ്രത്യേകിച്ചും പാനമയ്‌ക്ക് യുഎസ് നല്‍കിയ ഔദാര്യം കണക്കിലെടുത്താല്‍. കപ്പലുകള്‍ക്ക് അന്യായനിരക്ക് ഏര്‍പ്പെടുത്തുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പാനമ കനാലിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കും. കനാലിന്റെ അധികാരം തെറ്റായ കരങ്ങളിലേക്ക് എത്താന്‍ യുഎസ് അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

1914ലാണ് യുഎസ് പാനമ കനാലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1977-ല്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഒപ്പുവച്ച കരാറിലൂടെ കനാലിന്റെ നിയന്ത്രണം പാനമയ്‌ക്കു നല്‍കുകയായിരുന്നു. 1999- ല്‍ കനാലിന്റെ നിയന്ത്രണം പൂര്‍ണമായും പാനമ ഏറ്റെടുത്തു. രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന്റെ അഞ്ച് ശതമാനവും പാനമ കനാല്‍ വഴിയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by