Kerala

വൈരുധ്യാത്മക ഭൗതികവാദം അറിയാന്‍ പോലീസ് സ്റ്റേഷനില്‍ പോകണം; പാര്‍ട്ടി സമ്മേളനത്തില്‍ എം.വി. ഗോവിന്ദന് പരിഹാസം

Published by

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി. പോലീസിനെ വിമര്‍ശിക്കുന്നതിനിടെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ശൈലിയെ പ്രതിനിധി പരിഹസിച്ചത്.

ഗോവിന്ദന്‍ മാഷിന്റെ വൈരുധ്യാത്മക ഭൗതികവാദം എന്താണെന്ന് അറിയണമെങ്കില്‍ പോലീസ് സ്‌റ്റേഷനുകളില്‍ പോകണമെന്ന് പ്രതിനിധി പറഞ്ഞു. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അര്‍ത്ഥം മനസിലാകുന്നത് അപ്പോഴായിരിക്കും. പ്രസംഗം ഒരു വഴിക്കും പ്രവര്‍ത്തനം മറുവഴിക്കുമാണ്. പോലീസ് സ്‌റ്റേഷനുകളില്‍ ഇരകള്‍ക്ക് നീതിയില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കേസുകളില്‍ നടപടിയില്ല. പാര്‍ട്ടി നേതാക്കള്‍ക്ക് പോലും നീതി ലഭിക്കുന്നില്ല.

പാര്‍ട്ടിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും വനിതാ പ്രതിനിധി വിമര്‍ശിച്ചു. വനിതകളെ പാര്‍ട്ടി പദവികളില്‍ തഴയുന്നു. പദവിയില്‍ എത്തിയ സ്ത്രീകളുടെ എണ്ണം സെക്രട്ടറി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ പാര്‍ട്ടിയുടെ പ്രധാന പദവികളിലേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ നേതൃത്വം തയാറാകുന്നില്ല. നിശ്ചിത പദവികളില്‍ സ്ത്രീകളെ പരിഗണിക്കണമെന്ന സര്‍ക്കുലര്‍ ഇറക്കാനുള്ള ആര്‍ജവം പാര്‍ട്ടിക്കുണ്ടോയെന്ന ചോദ്യവും ഈ പ്രതിനിധി മുന്നോട്ടുവച്ചു.

സമ്മേളനത്തിന്റെ രണ്ടാം ദിവസവും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും എം. വി. ഗോവിന്ദനും വേദിയിലിരിക്കെയാണ് സര്‍ക്കാര്‍ ശൈലിയെയും വകുപ്പുകളുടെ പ്രവര്‍ത്തനത്തെയും കുറിച്ച് വിമര്‍ശനം ഉയര്‍ന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക