Kerala

തൊഴില്‍മേള; 71000ത്തിലധികം പേര്‍ക്ക് ഇന്ന് നിയമന ഉത്തരവ് കൈമാറും

Published by

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പുതുതായി നിയമിതരായവര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന തൊഴില്‍മേള ഇന്ന്. മേളയുടെ ഭാഗമായി 71,000 ത്തിലധികം പേര്‍ക്ക് ഇന്ന് നിയമനപത്രങ്ങള്‍ കൈമാറും.
രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി പങ്കെടുക്കും.

പുതുതായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നരെ അദ്ദേഹം അഭിസംബോധന ചെയ്യും. രാജ്യത്തുടനീളം 45 ഇടങ്ങളിലും തൊഴില്‍മേള നടക്കും. കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ തുടങ്ങിയവരും മേളയുടെ ഭാഗമാകും.

തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെൻ്ററിൽ രാവിലെ 9 മണിക്ക് പരിപാടി ആരംഭിക്കും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്‌പ്പാണ് തൊഴില്‍മേള. രാഷ്‌ട്ര നിര്‍മാണത്തിലും സ്വയംശാക്തീകരണത്തിലും പങ്കാളികളാകാന്‍ യുവാക്കള്‍ക്ക് അര്‍ത്ഥവത്തായ അവസരങ്ങളൊരുക്കുന്നു. ഇന്ന് നിയമിതരാകുന്നവര്‍ ആഭ്യന്തര മന്ത്രാലയം, തപാല്‍ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ് എന്നിവയുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാഗമാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by