India

ലഡാക്കിന്റെ ധീരഹൃദയം നിലച്ചു; വിട പറഞ്ഞത് കാര്‍ഗിലിലെ പാക് സൈനിക നീക്കത്തെ കുറിച്ച് മുന്നറിയിപ്പ് നല്കിയ താഷി നാംഗ്യാല്‍

Published by

ശ്രീനഗര്‍: ഒരു ദേശസ്‌നേഹി കടന്നുപോകുന്നു എന്ന കുറിപ്പോടെ ഭാരതസൈന്യം ലഡാക്കിലെ ആ ഇടയന് അന്ത്യയാത്രാമൊഴിയേകി. കാര്‍ഗിലില്‍ പാക് സൈനികരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ആട്ടിടയന്‍ ലഡാക്ക് സ്വദേശി താഷി നാംഗ്യാലിന് സൈന്യം നല്കിയ ശ്രദ്ധാഞ്ജലി വികാരനിര്‍ഭരമായിരുന്നു. കഴിഞ്ഞ രാത്രിയാണ് അമ്പത്തെട്ടുകാരനായ നാംഗ്യാല്‍ അന്തരിച്ചത്. ആര്യന്‍ താഴ്‌വരയില്‍ മകളും അദ്ധ്യാപികയുമായ സെറിങ് ഡോള്‍ക്കറിനൊപ്പമായിരുന്നു താമസം.

1999ലെ കാര്‍ഗിലില്‍ പാക് സൈന്യവും ഭീകരരും നടത്തിയ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഭാരത സേനയെ അറിയിച്ച നാംഗ്യാലിനെ ഈ വര്‍ഷമാദ്യം ദ്രാസില്‍ നടന്ന 25-ാമത് കാര്‍ഗില്‍ വിജയ് ദിവസത്തില്‍ സൈന്യം ആദരിച്ചിരുന്നു.

താഷി നാംഗ്യാലിന്റെവിയോഗത്തില്‍ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സ് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു, ലേ ആസ്ഥാനമായ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സ് എക്സിലെ പോസ്റ്റില്‍ കുറിച്ചു.

ലഡാക്കിലെ ധീരഹൃദയം നിലച്ചു. അദ്ദേഹം സമാധാനത്തോടെ വിശ്രമിക്കട്ടെ. കാര്‍ഗില്‍ വിജയത്തിലേക്ക് വഴി തെളിച്ച ആ ദേശസ്‌നേഹിയുടെ രാജ്യത്തോടുള്ള കരുതല്‍ സുവര്‍ണാക്ഷരങ്ങളില്‍ കുറിച്ചുവയ്‌ക്കും, സൈന്യം അഭിപ്രായപ്പെട്ടു.

1999 മെയ് മാസത്തിന്റെ തുടക്കത്തില്‍ തന്റെ യാക്കുകളെ തെരയുന്നതിനിടെയാണ് നാംഗ്യാലിന്റെ കണ്ണുകളില്‍, പത്താന്‍ വസ്ത്രം ധരിച്ച പാക് സൈനികര്‍ കാര്‍ഗിലിലെ ബറ്റാലിക് പര്‍വതനിരയുടെ മുകളില്‍ ബങ്കറുകള്‍ കുഴിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ അദ്ദേഹമത് ഭാരത സൈന്യത്തെ അറിയിക്കുകയായിരുന്നു. ശ്രീനഗര്‍-ലേ ഹൈവേ തകര്‍ക്കാനുള്ള പാക് രഹസ്യ ദൗത്യം തടയുന്നതില്‍ നാംഗ്യാല്‍ നല്കിയ സമയോചിത അറിയിപ്പ് ഭാരതത്തെ തുണച്ചു. തുടര്‍ന്നുള്ള സൈനിക നടപടികളില്‍ നാംഗ്യാലിന്റെ ജാഗ്രത നിര്‍ണായകമായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക