ന്യൂദല്‍ഹി: ബഹ്‌റൈന്‍ ജയിലില്‍ നിന്ന് തമിഴ്‌നാട്ടുകാരായ 28 മത്സ്യത്തൊഴിലാളികളെ കേന്ദ്രസര്‍ക്കാര്‍ മോചിപ്പിച്ചു. മൂന്ന് മാസമായി ബഹ്റൈനിലെ തടങ്കലില്‍ കഴിയുകയായിരുന്ന ഇവര്‍ ജന്മനാടായ തിരുനല്‍വേലിയിലേക്ക് മടങ്ങി. സപ്തംബറില്‍ അറസ്റ്റിലായ ഇവര്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷയാണ് ബഹ്‌റൈന്‍ കോടതി വിധിച്ചതെങ്കിലും കേന്ദ്ര വിദേശകാര്യമന്ത്രാലയം നടത്തിയ നിയമപരമായ ഇടപെടലിലൂടെ ശിക്ഷ മൂന്ന് മാസമായി കുറയ്‌ക്കുകയായിരുന്നു.
ഒക്ടോബര്‍ ഒമ്പതിനാണ് ഭാരത എംബസി ഇവര്‍ക്കായി അപ്പീല്‍ നല്കിയത്. ഒക്ടോബര്‍ 31 ന് ബഹ്റൈന്‍ കോടതി അവരുടെ ശിക്ഷ കുറച്ചുകൊണ്ട് ഉത്തരവിട്ടു. ജയിലില്‍ കഴിയുമ്പോഴും തിരുനല്‍വേലിയിലെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ ഇവര്‍ക്ക് എംബസി സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭാരത കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വഴിയാണ് സ്വദേശത്തേക്ക് മടങ്ങുന്നതിന് ധനസഹായവും നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക