India

സ്‌പെയ്‌ഡെക്‌സ്; വിക്ഷേപണ വാഹനം സജ്ജം

Published by

നെല്ലൂര്‍(ആന്ധ്രാപ്രദേശ്): ബഹിരാകാശത്തുവച്ച് രണ്ട് വ്യത്യസ്ത പേടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഭാരതത്തിന്റെ സ്‌പെയ്ഡെക്‌സ് ദൗത്യത്തിനുള്ള വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍ സജ്ജമായി. വിക്ഷേപണ വാഹനത്തില്‍ ഉപഗ്രഹങ്ങള്‍ ഘടിപ്പിക്കുന്ന പ്രവൃത്തിയാണ് ഇനി നടക്കുക.

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി60ല്‍ ഈ മാസം ഒടുവിലാവും സ്‌പെയ്ഡെക്‌സ് (സ്‌പെയ്സ് ഡോക്കിങ് എക്‌സ്പെരിമെന്റ്) വിക്ഷേപണം. ഡിസംബര്‍ 30 മുതല്‍ ജനുവരി 13 വരെയാണ് വിക്ഷേപണത്തിനുള്ള സമയപരിധി. ഒറ്റ വിക്ഷേപണത്തിലൂടെ 220 കിലോഗ്രാമുള്ള രണ്ട് ചെറിയ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക.

വിക്ഷേപണ സമയത്ത് 20 കിലോമീറ്റര്‍ അകലത്തിലുള്ള ഇവയെ ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അകലം കുറച്ചുകൊണ്ടുവന്ന ശേഷമാണ് കൂട്ടിയോജിപ്പിക്കുക. വിക്ഷേപണം കഴിഞ്ഞ് പത്തു ദിവസത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ.

ദൗത്യം വിജയിച്ചാല്‍ സ്‌പെയ്സ് ഡോക്കിങ് സാധ്യമാക്കുന്ന നാലാമത്തെ രാജ്യമാകും ഭാരതം. അമേരിക്ക, റഷ്യ, ചൈന എന്നിവയ്‌ക്കാണ് നിലവില്‍ ഈ സാങ്കേതിക വിദ്യയുള്ളത്. അടുത്ത ചന്ദ്രയാന്‍ ദൗത്യത്തിനും ഗഗന്‍യാനും മുതല്‍ക്കൂട്ടാവും ഈ സാങ്കേതിക വിദ്യ. ഭാരതത്തിന്റെ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ നിര്‍മാണവും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by