ചെന്നൈ:ചെന്നൈയിലെ തിരുപ്പോരൂരിലെ മുരുകന് ക്ഷേത്രത്തിലെ ദര്‍ശനത്തിനിടയില്‍ ആറടി ഉയരമുള്ള ഭണ്ഡാരത്തില് ഐഫോണ്‍ വീണതിനെ തുടര്‍ന്ന് അത് തിരിച്ചുകിട്ടാനുള്ള ശ്രമങ്ങളുമായി ഭക്തന്. എന്നാല്‍ ക്ഷേത്രങ്ങളുടെ ചുമതലയുള്ള ഡിഎംകെ മന്ത്രിയായ ശേഖര്‍ ബാബു പറഞ്ഞത് ഭണ്ഡാരത്തില് വീണ ഐ ഫോണ്‍ മുരുകന്റേതാണെന്നാണ്. ഇതേ തുടര്‍ന്ന് ഭക്തനായ ദിനേശനും ഡിഎംകെ സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ചെന്നൈ അമ്പത്തൂര്‍ വിനായകപുരം സ്വദേശിയായ ദിനേശ് തിരുപ്പോരൂരിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടയിലാണ് അബദ്ധത്തില്‍ 13 പ്രോ മാക്സ് ഐ ഫോണ്‍ ഭണ്ഡാരത്തില് വീണതെന്ന് പറയുന്നു. ചെന്നൈ മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റിയില്‍ (സിഎംഡിഎ) ജോലിക്കാരനാണ് ദിനേശന്.
ഭണ്ഡാരത്തില് എന്ത് വീണാലും സ്വാമിയുടേത്’ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതിനാല്‍ ദിനേശന് വീട്ടിലേക്ക് മടങ്ങിപ്പോയി. പിന്നീട് ക്ഷേത്ര ഭാരവാഹികള്‍ക്ക് ഐഫോണ്‍ തിരികെ ആവശ്യപ്പെട്ട് ദിനേശന് കത്തയച്ചു. ഇത്തരത്തില്‍ ഹുണ്ഡികയില്‍ വീണ എല്ലാ സാധനങ്ങളും ക്ഷേത്രത്തിന്റെതാണെന്ന വാദമുന്നയിക്കുന്നതിനെ ചോദ്യം ചെയ്യുകയാണ് ഭക്തനായ ദിനേശന്.
ക്ഷേത്രദര്‍ശനത്തിനിടയില്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന ഐ ഫോണ്‍ അറിയാതെവഴുതി പണമിടുന്ന ഹുണ്ഡികയിലേക്ക് വീഴുകയായിരുന്നു എന്നാണ് ദിനേശന്റെ വാദം. ഭണ്ഡാരം തുറക്കുന്നനാളില് അറിയിക്കാമെന്ന് ദിനേശന് മറുപടി വന്നു. ഇതനുസരിച്ച് ഡിസംബര്‍ 19 ന് ഭണ്ഡാരം തുറന്നു. തിരുപ്പൂരൂര്‍ മുരുകന് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ ഹിന്ദുമത ചാരിറ്റീസ് വകുപ്പ് ജോയിന്റ് കമ്മീഷണര്‍ രാജലക്ഷ്മി, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കുമാരവേല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് തുറന്നത്. പരിശോധിച്ച ഭണ്ഡാരങ്ങളില് ഒന്നില്‍ നിന്നും ഐഫോണ്‍ കണ്ടെത്തി. എന്നാല്‍ ദിനേശന് കൈമാറാന്‍ ക്ഷേത്രം അധികൃതര്‍ തയ്യാറായിട്ടില്ല. തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷേത്രവുമായി ബന്ധപ്പെട്ട വകുപ്പിന്റെ നിയമങ്ങള്‍ അനുസരിച്ച് ക്ഷേത്രഭണ്ഡാരത്തില്‍ വീഴുന്നതെന്തും സ്വാമിയുടെ സ്വത്താണെന്നതിനാലാണത്. ഐഫോണിലെ ഡേറ്റ വേണമെങ്കില്‍ എടുക്കാം എന്ന് ക്ഷേത്രം അധികൃതര്‍ നിര്‍ദേശിച്ചു. സെല്‍ ഫോണിലെ ഡാറ്റ മാത്രം എടുക്കാനാണ് തമിഴ്നാട് ഹിന്ദു മത ചാരിറ്റീസ് മന്ത്രി ശേഖര്‍ബാബു അറിയിച്ചതെന്നും ക്ഷേത്രം അധികൃതര്‍ പറയുന്നു. എന്നാല്‍ തനിക്ക് ഡേറ്റയല്ല, ഫോണ്‍ തന്നെയാണ് വേണ്ടതെന്ന വാശിയിലാണ് ദിനേശന്. ഐഫോണിന്റെ വിശദാംശങ്ങള്‍ രേഖാമൂലം നല്കാന് ദിനേശനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കുമാരവേല്‍.
ദിനേശന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍
അതേ സമയം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കുമാരവേല്‍ പറയുന്നത് ഭണ്ഡാരത്തില് ഐ ഫോണ്‍ വീഴാന്‍ സാധ്യതയില്ലെന്നാണ്. മാത്രമല്ല, ആഗസ്റ്റില്‍ ആണ് ദിനേശന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതെങ്കിലും ഇയാള്‍ സെപ്റ്റംബറില്‍ മാത്രമാണ് തന്റെ ഐഫോണ്‍ കാണാതായെന്ന് കാട്ടി ചാരിറ്റി വകുപ്പിന് കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: