World

കുവൈറ്റ് അമീറിന്റെ പ്രത്യേക അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി : ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടന ചടങ്ങിൽ

ഇന്നലെ കുവൈറ്റിലെ ഇന്ത്യന്‍ സമൂഹവുമായി മോദി സംവദിച്ചിരുന്നു. ഇതിനു പുറമെ അടുത്തിടെ മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമര്‍ശിച്ച മോദി രക്ഷാപ്രവർത്തനം മികവുറ്റ രീതിയിൽ നടപ്പിലാക്കിയ കുവൈറ്റിനെ നന്ദി അറിയിച്ചു

Published by

കുവൈറ്റ് സിറ്റി : കുവൈറ്റ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ജാബിര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടന ചടങ്ങിലാണ് ഇരു നേതാക്കളും പരസ്പരം കണ്ടുമുട്ടിയത്.

കുവൈറ്റ് അമീറിന്റെ ‘അതിഥി’ എന്ന നിലയിലാണ് പ്രധാനമന്ത്രി മോദി ചടങ്ങിൽ പങ്കെടുത്തത്. കുവൈറ്റ് നേതൃത്വവുമായി അനൗപചാരിക ആശയവിനിമയത്തിന് അവസരമൊരുക്കിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വിവിഐപി ഗാലറിയില്‍ മോദി എതാനും നിമിഷം അമീറുമായി സമയം ചെലവഴിച്ചു.

തുടർന്ന് അമീറിനെ കണ്ടതിന്റെ സന്തോഷം മോദി തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചു.  “അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന വേളയിൽ കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ സബാഹിനെ കണ്ടതിൽ സന്തോഷമുണ്ട്.” കുവൈറ്റ് അമീറുമായുള്ള ഫോട്ടോ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേ സമയം ഇന്നലെ കുവൈറ്റിലെ ഇന്ത്യന്‍ സമൂഹവുമായി മോദി സംവദിച്ചിരുന്നു. ഇതിനു പുറമെ അടുത്തിടെ മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമര്‍ശിച്ച മോദി രക്ഷാപ്രവർത്തനം മികവുറ്റ രീതിയിൽ നടപ്പിലാക്കിയ കുവൈറ്റിനെ നന്ദി അറിയിച്ചു. അനേകം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കിയെന്നും എന്നാൽ കുവൈറ്റ് സര്‍ക്കാര്‍ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

കുവൈറ്റിന് അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ലോകത്തിന്റെ വളര്‍ച്ചയുടെ എന്‍ജിനായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുവൈറ്റിനുൾപ്പെടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by