കൊച്ചി: മുനമ്പത്ത് തങ്ങള്‍ക്ക് വസ്തുക്കള്‍ ഒന്നും ഇല്ലെന്നും മേല്‍നോട്ട ചുമതലയാണുള്ളതെന്നും വഖഫ് ബോര്‍ഡിന്റെ വിവരാവകാശ രേഖ. വഖഫ് നിയമം നിലവില്‍ വന്നത് 1954ല്‍ ആണ്. ബോര്‍ഡ് വന്നത് 1960ലും. ഈ സമയത്ത് ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ വസ്തുക്കള്‍ ഒന്നുമില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
മുനമ്പത്തെ വസ്തുക്കള്‍ സംബന്ധിച്ച രേഖകളൊന്നും ബോര്‍ഡില്‍ ഇല്ല. വഖഫ് വസ്തുക്കളുടെ വില്‍പ്പന നടത്താന്‍ ബോര്‍ഡിന് അനുമതിയുണ്ടായിരുന്നു എന്നാല്‍ 2013ലെ ഭേദഗതി നിയമ പ്രകാരം ഒരു വിധത്തിലുള്ള വില്‍പ്പനയ്‌ക്കും അധികാരമില്ല. അതിനുമുമ്പ് വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ ആ ആധാരം നിലനില്‍ക്കുന്നതാണെന്നും പറയുന്നു.
മുനമ്പത്ത് ഭൂമി വഖഫ് ബോര്‍ഡിന് നല്കുന്നതിനുള്ള എന്തെങ്കിലും അപേക്ഷയോ മറ്റ് രേഖകളോ ഓഫീസില്‍ ഇല്ല. മുനമ്പത്തെ ഭൂമിയുടെ കോപ്പികളും വഖഫ് ബോര്‍ഡിന്റെ കൈവശം ഇല്ല.
സിദ്ദിഖ് സേട്ടിനും സത്താര്‍ സേട്ടിനും എന്താവശ്യത്തിനു വേണ്ടിയാണ് അന്നത്തെ അധികാരികള്‍ ഭൂമി നല്കിയതെന്ന ചോദ്യത്തിനും വഖഫ് ബോര്‍ഡിന് ഉത്തരമില്ല. ഇതോടെ മൂസ അബ്ദുള്‍ കരീം സേട്ടിന്റെ കുടുംബത്തിന് രാജഭരണ കാലത്ത് കൃഷി ആവശ്യത്തിന് നല്കിയ ഭൂമി സിദ്ദിഖ് സേട്ടിന്റെ കൈകളിലെത്തുകയായിരുന്നു എന്ന് വ്യക്തം. ഇത് ഫറൂഖ് കോളജിന് എഴുതി വച്ചതായും പറയുന്നു. ഫറൂഖ് കോളജിന് എത്ര സെന്റ് വസ്തുവാണ് നല്കിയതെന്നില്ല. അതിന്റെ കൈവശാവകാശ രേഖകള്‍ ഫറൂഖ് കോളജിന്റെ ട്രസ്റ്റിലും ഇല്ല. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്ന് ആവര്‍ത്തിക്കുമ്പോഴാണ് വഖഫ് ബോര്‍ഡ് തന്നെ ഇത് നിഷേധിക്കുന്നത്.
സിബിഐ അന്വേഷിക്കണം: ക്രിസ്ത്യന്‍ കൗണ്‍സില്‍
കൊച്ചി: മുനമ്പത്തെ ഭൂമി കുംഭകോണത്തെ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുനമ്പത്തെ ഭൂമി സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായതു മുതല്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ ഭൂമിയില്‍ കണ്ണുവച്ച് വമ്പന്‍ സ്രാവുകള്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. നിലവിലെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഇതൊന്നും കണ്ടെത്താന്‍ സാധിക്കില്ലെന്നും ക്രിസ്ത്യന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അഗസ്റ്റിന്‍ എ.വി. കെന്നഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക