Football

ജര്‍മന്‍ ബുന്ദെസ് ലിഗ: ലീപ്‌സിഗ്ഗിനെ 5-1ന് തകര്‍ത്ത് ബയേണ്‍

Published by

മ്യൂണിക്: ജര്‍മന്‍ ബുന്ദെസ് ലിഗയില്‍ തകര്‍പ്പന്‍ ജയവുമായി ബയേണ്‍ മ്യൂണിക്. കരുത്തരായ ആര്‍ബി ലീപ്‌സിഗ്ഗിനെതിരെയാണ് ജര്‍മന്‍ വമ്പന്‍മാര്‍ ഒന്നിനെതിരെ അഞ്ച് ഗോള്‍ നേടി വിജയിച്ചത്. ജമാല്‍ മുസിയാല മുതല്‍ അല്‍ഫോണ്‍സോ ഡവീസ് വരെ ഗോളുകള്‍ നേടി.

ആദ്യ മിനിറ്റുകളില്‍ അടിക്കു തിരിച്ചടിയുമായാണ് മത്സരം മുന്നേറിയത്. കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ജമാല്‍ മുസിയാല ബയേണിനെ മുന്നിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ആര്‍ബി ലീപ്‌സിഗ്ഗിനായി ബെഞ്ചമിന്‍ സെസ്‌കോ ഗോള്‍ മടക്കി. മ്യൂണിക്കിലെ അലയന്‍സ് അരീന സ്‌റ്റേഡിയം ആവേശത്തിലായി. കളി പുരോഗമിച്ചു ആദ്യ പകുതിയില്‍ ബയേണ്‍ രണ്ട് ഗോളുകള്‍ കൂടി നേടി. 25-ാം മിനിറ്റില്‍ കോണ്‍റാഡ് ലായ്മര്‍ ബയേണിന് വീണ്ടും ലീഡ് സമ്മാനിച്ചു. 11 മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു സൂപ്പര്‍ താരം ജോഷ്വ കിമ്മിച്ച് നേടിയ ഗോളില്‍ ബയേണ്‍ ലീഡ് 3-1ആയി വര്‍ദ്ധിച്ചു.

രണ്ടാം പകുതിയില്‍ മൂന്ന് മിനിറ്റിനിടെ നേടിയ രണ്ട് ഗോളില്‍ ബയേണ്‍ ക്വാട്ട പൂര്‍ത്തിയാക്കി. 75-ാം മിനിറ്റില്‍ ലെറോയ് സാനെയും 78-ാം മിനിറ്റില്‍ അല്‍ഫോണ്‍സോ ഡവീസും അവരുടെ ലീഡ് വര്‍ദ്ധിപ്പിച്ചു.

15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 36 പോയിന്റുമായി ബയേണ്‍ പട്ടികയില്‍ മുന്നില്‍ തുടരുകയാണ്. തൊട്ടടുത്ത രണ്ടാം സ്ഥാനക്കാരായ ലെവര്‍കുസന്‍ ഏഴ് പോയിന്റുകള്‍ക്ക് പിന്നിലാണ്. സീസണില്‍ ഇതുവരെ ലീഗിലെ ഒരു മത്സരത്തില്‍ മാത്രമാണ് ബയേണ്‍ തോറ്റിട്ടുള്ളത്. ബയേണ്‍ തോല്‍പ്പിച്ച ലീപ്‌സിഗ്ഗ് 27 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by