ആലപ്പുഴ: ജയിച്ചേ മതിയാകു എന്ന ചിന്ത ഓരോ ബിജെപി പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് ദീനദയാല്‍ ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയം മാത്രമേ എല്ലാവരും നോക്കൂ. ശതമാന കണക്കൊന്നും നോക്കില്ല. ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിര്‍ത്തിയാല്‍ 60 ശതമാനം ശതമാനം സീറ്റ് നേടാം. അല്ലെങ്കില്‍ അധ്വാനം പാഴാകും. ആ നിരാശ വളര്‍ച്ചയ്‌ക്കല്ല തളര്‍ച്ചയ്‌ക്കാണ് വളം വയ്‌ക്കുക. പുതിയ തീരുമാനങ്ങള്‍ എടുക്കണം. നമ്മള്‍ അടുത്ത സാധ്യതയാണെന്ന് ജനം പറയുമ്പോള്‍ അത് ഏറ്റെടുക്കാനുള്ള ആര്‍ജവം നമുക്ക് ഉണ്ടാകണം.
രാജ്യസഭാ എംപി ആയിരുന്നപ്പോളും ഇപ്പോള്‍ തൃശ്ശൂര്‍ എംപിയായിരിക്കുമ്പോഴും പാര്‍ലമെന്റില്‍ നിന്ന് കിട്ടിയ വരുമാനവും പെന്‍ഷനും കൈകൊണ്ട് തൊട്ടിട്ടില്ല. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. ഞാന്‍ ഈ തൊഴിലിന് വന്ന ആള്‍ അല്ല, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ഇഷ്ടപ്പെടുന്ന നേതാക്കള്‍ക്ക് രാഷ്‌ട്രീയ പിന്‍ബലം നല്‍കാനാണ് രാഷ്‌ട്രീയത്തില്‍ വന്നത്. ഒരിക്കലും രാഷ്‌ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് ഞാന്‍. ഗുജറാത്തില്‍ നരേന്ദ്ര മോദിയെ കണ്ടുകഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്‌ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോളാണ് രാഷ്‌ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്‌ട്രീയത്തിന്റെ നിരയിലേക്ക് ഇറങ്ങിയത്.
മൂല്യാധിഷ്ഠിത സമരങ്ങളും മുന്നേറ്റങ്ങളും മാത്രമല്ല, ചതിയും വഞ്ചനയും ഒക്കെ കണ്ട നാടാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ സര്‍വതോന്മുഖമായ വികസനത്തിന് ബിജെപിയുടെ പുതിയ ഓഫീസ് മന്ദിരം കേന്ദ്രമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി രൂപം കൊള്ളുന്ന ആലപ്പുഴ സൗത്ത് ജില്ലയ്‌ക്ക് നിര്‍മിക്കുന്ന ഓഫീസ് കെട്ടിടത്തിന് അദ്ദേഹം പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തു.
ബിജെപി ഓഫീസുകള്‍ ജനസേവന കേന്ദ്രങ്ങളായി മാറണമെന്ന് മുഖ്യപ്രഭാഷണത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബിജെപി ഓഫീസുകളില്‍ നടക്കേണ്ടത്. സംഘടനാ സംവിധാനത്തില്‍ 30 ജില്ലകള്‍ രൂപീകൃതമാകുമ്പോള്‍ മുപ്പതിടത്തും നവീന ഓഫീസുകള്‍ നിര്‍മിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക