കുവൈത്ത് സിറ്റി: കുവൈത്ത് യാത്രയ്ക്കിടയില്‍ രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത അറബി സാഹിത്യകാരനെ കണ്ടുമുട്ടിയത് പ്രധാനമന്ത്രി മോദിയ്ക്ക് കൗതുകമായി. ഈ സാഹിത്യകാരനൊപ്പം മഹാഭാരതവും രാമായണവും കുവൈത്തില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച അറബിയും ഉണ്ടായിരുന്നു.
മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത് അബ്ദുള്ള അല്‍ ബറൂന്‍ ആണ്. അബ്ദുള്‍ ലത്തീഫ് എല്‍ നെസെഫ് ആണ് ഈ പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്ത് ഇറക്കിയത്. ഇവരെ കണ്ടു മുട്ടിയപ്പോള്‍ മോദിയ്‌ക്ക് ഇവര്‍ പുസ്തകത്തിന്റെ കോപ്പികള്‍ കൈമാറി. മോദി ഇതില്‍ കയ്യൊപ്പിട്ട് അവര്‍ക്ക് തിരിച്ചുനല്‍കി.
ഇക്കഴിഞ്ഞ മന്‍ കി ബാത്ത് പരിപാടിയില്‍ ഇവരെക്കുറിച്ച് മോദി പ്രത്യേകം പരാമര്‍ശിച്ചിരുന്നു.” ഞാന്‍ വളരെ സന്തോഷവാനാണ്. ഇത് എനിക്ക് ഒരു അംഗീകാരമാണ്. ഇതില്‍ പ്രധാനമന്ത്രി മോദി അങ്ങേയറ്റം സന്തോഷിക്കുന്നുണ്ട്. അദ്ദേഹം രണ്ട് പുസ്തകങ്ങളും കയ്യൊപ്പിട്ട് തന്നു.”.- പബ്ലിഷറായ അബ്ദുള്‍ ലത്തീഫ് എല്‍ നെസെഫ് പറഞ്ഞു.
വിവര്‍ത്തനത്തിന് എത്ര നാളെടുത്തു എന്ന് മോദി അറബ് സാഹിത്യകാരന്‍ അബ്ദുള്ള അല്‍ ബറൂനോട് ചോദിച്ചിരുന്നു. രണ്ടു വര്‍ഷവും എട്ടുമാസവും എന്നായിരുന്നു മറുപടി. അറബികളായ ഇവര്‍ ലോകത്തിലെ പല ഭാഗത്തുനിന്നുമുള്ള 30ഓളം പുസ്തകങ്ങള്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതായി മോദി മന്‍ കീ ബാത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക