ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബുവും കട്ടപ്പന സിപിഎം ഏരിയ സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡന്റുമായ വി.ആര്‍ സജിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്. നിക്ഷേപിച്ച പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്നും താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും സാബു സജിയോടു പറഞ്ഞു. നിങ്ങള്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നും. പണി മനസിലാക്കി തരാമെന്നും പറഞ്ഞ സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്.
പണം നല്‍കണമെന്ന് സാബു കേണപേക്ഷിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ലെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. സാബു ജീവനൊടുക്കുമെന്ന് കരുതിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പണം ചോദിച്ചപ്പോള്‍ സാബുവിനെ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തി. സാബു കഷ്ടപ്പെട്ട് അധ്വാനിച്ച പണമാണ് ചോദിച്ചത്. പണം തരാന്‍ കഴിയില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു-മേരിക്കുട്ടി പറയുന്നു.
ഭാര്യയുടെ ശസ്ത്രക്രിയ ആവശ്യത്തിന് നിക്ഷേപത്തുക ചോദിച്ചപ്പോള്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ സാബു ജീവനൊടുക്കിയത്. ബാങ്കിന് സമീപത്തെ ചവിട്ടുപടിക്ക് സമീപമുള്ള ഹാന്‍ഡ് റെയിലില്‍ തുങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സൊസൈറ്റി സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജാമോള്‍ എന്നിവരാണ് തന്റെ ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പും സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു. നിക്ഷേപത്തുക ചോദിക്കാന്‍ എത്തിയപ്പോള്‍ ഇവര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും അതില്‍ പറയുന്നു.
14 ലക്ഷം രൂപയാണ് സാബുവിന് ലഭിക്കാനുണ്ടായിരുന്നത് എന്നാണ് സൂചന. കട്ടപ്പനയില്‍ വെറൈറ്റി എന്ന പേരില്‍ ലേഡീസ് സെന്റര്‍ നടത്തിവരുകയായിരുന്നു സാബു.
പ്രതികരിക്കാൻ ഇവിടെ എഴുതുക