Editorial

വീണ്ടും ഉണരട്ടെ പൂരപ്പറമ്പുകള്‍

Published by

ന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതോടെ പൂരങ്ങളുടേയും ഉത്സവങ്ങളുടേയും നടത്തിപ്പ് സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമായി. ക്ഷേത്ര ഉത്സവങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും ആനകളെ എഴുന്നള്ളിക്കുമ്പോള്‍ അവ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണുയര്‍ന്നത.് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ആചാരത്തനിമയുള്ളതുമായ ഉത്സവാഘോഷങ്ങള്‍ നിലച്ചുപോകാന്‍ ഹൈക്കോടതിയുടെ ഉത്തരവ് കാരണമാകുമെന്ന ആശങ്ക ഭക്തര്‍ക്കിടയിലും ഉത്സവ പ്രേമികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ശക്തമായിരുന്നു.

1400 വര്‍ഷത്തിലേറെ പഴക്കമുള്ള ആറാട്ടുപുഴ പൂരം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള തൃശ്ശൂര്‍ പൂരം,നെന്മാറ -വല്ലങ്ങി വേല, വൈക്കത്തഷ്ടമി, തൃപ്പൂണിത്തുറ ഉത്സവം ഉള്‍പ്പെടെ കേരളത്തിലെ പ്രധാനപ്പെട്ട ഒട്ടേറെ ഉത്സവങ്ങളുടെ കാതല്‍ ആനയെഴുന്നള്ളിപ്പാണ്. ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററും ആനകളും കാഴ്ചക്കാരും തമ്മില്‍ എട്ട് മീറ്ററും അകലം പാലിക്കണമെന്ന നിര്‍ദ്ദേശമായിരുന്നു ഹൈക്കോടതിയുടേത്. ഈ നിര്‍ദ്ദേശം അപ്രായോഗികമെന്ന് ഒട്ടെല്ലാ ഉത്സവ സംഘാടകരും ഒരേ സ്വരത്തില്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് തൃശ്ശൂര്‍ പൂരത്തിന്റെ സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ദൂരവ്യാപകമായ നിയമ വ്യാഖ്യാനങ്ങളിലേക്ക് വഴിതുറക്കാവുന്ന ഒട്ടേറെ സൂചനകള്‍ സുപ്രീംകോടതിയുടെ ഉത്തരവിലുണ്ട്. നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന ആചാരങ്ങളെ ഒരു ഉത്തരവുകൊണ്ട് മാറ്റിമറിക്കാന്‍ ഹൈക്കോടതിക്കോ മറ്റേതെങ്കിലും ഭരണസംവിധാനത്തിനോ അധികാരമുണ്ടോയെന്ന വലിയ ചോദ്യമാണ് സുപ്രീംകോടതി ഉയര്‍ത്തിയത്. ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നതിനു മുന്‍പ് അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഹൈക്കോടതി പരിശോധിക്കേണ്ടതായിരുന്നുവെന്ന വിലയിരുത്തതലും ശ്രദ്ധേയമാണ്. ഈ പ്രശ്‌നത്തില്‍ മാത്രമല്ല സമൂഹത്തിലെ വ്യത്യസ്തങ്ങളായ ഒട്ടേറെ വിഷയങ്ങളില്‍ പലപ്പോഴും കോടതികളുടെ അതിരുകടന്ന ഇടപെടല്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ജുഡീഷ്യല്‍ ആക്ടിവിസം പലപ്പോഴും വലിയ വിവാദങ്ങള്‍ക്ക് കാരണമാകുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ കോടതിവിധി അത്തരത്തില്‍ ഒന്നായിരുന്നു. നൂറ്റാണ്ടുകളായി ഒരു സമൂഹം വിശ്വാസപൂര്‍വ്വം ആചരിച്ചുവരുന്ന ചടങ്ങുകള്‍ ജനാധിപത്യപരമായ ഒരു ചര്‍ച്ചയും കൂടാതെ മാറ്റിമറിക്കാന്‍ ജുഡീഷ്യറി ശ്രമിക്കുന്നത് സമൂഹത്തില്‍ അസ്ഥിരതയും പ്രതിഷേധവുമുണ്ടാക്കും എന്നതിന്റെ ഉദാഹരണമായിരുന്നു ശബരിമല പ്രക്ഷോഭം.

ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ പരമാധികാരം ജനങ്ങള്‍ക്കാണെന്ന വസ്തുത പലപ്പോഴും കോടതികളും ഭരണാധികാരികളും മറക്കുന്നു. ജനങ്ങളുടെ താല്‍പര്യമാണ് പരമപ്രധാനം. കോടതികളെപ്പോലും തിരുത്താന്‍ കഴിവുള്ളവരാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജനകീയ ശക്തി. ഭരണാധികാരികള്‍ക്കും കോടതികള്‍ക്കും അധികാരം ലഭിക്കുന്നത് ജനതയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാതല്‍. ഭരണാധികാരികളും കോടതികളും പലപ്പോഴും ഈ വസ്തുത മറന്ന് ഏകപക്ഷീയമായ അധികാര പ്രയോഗ കേന്ദ്രങ്ങളായി അധപതിക്കുന്നു. പക്ഷേ ജനകീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഭരണാധികാരികളോ കോടതികളോ പെരുമാറിയാല്‍ തിരുത്താനുള്ള ഉള്‍ക്കരുത്ത് ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടെന്ന് പലവട്ടം തെളിയിക്കപ്പെട്ട് കഴിഞ്ഞതാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രവര്‍ത്തന സംവിധാനങ്ങളായ നിയമനിര്‍മാണ സഭയും ഭരണകൂടവും കോടതികളും പരസ്പര പൂരകമായി പ്രവര്‍ത്തിക്കണമെന്നാണ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗം അമിതാധികാരം പ്രയോഗിക്കാന്‍ ശ്രമിച്ചാല്‍ അതിനെ നിയന്ത്രിക്കാന്‍ മറ്റു വിഭാഗങ്ങള്‍ക്ക് കഴിയണം. കോടതി ഉത്തരവ് ജനതാത്പര്യത്തിന് വിരുദ്ധമാണെങ്കില്‍ അതിനെ മറികടക്കാന്‍ പുതിയ നിയമം നിര്‍മിക്കാന്‍ നിയമ നിര്‍മാണ സഭ തയ്യാറാവണം. പൂരം വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഉയര്‍ന്ന പ്രധാന ആവശ്യങ്ങളിലൊന്ന് അതായിരുന്നു. എന്നാല്‍ അത്തരമൊരു നീക്കത്തിന് കേരളത്തിലെ ജനപ്രതിനിധികളോ നിയമനിര്‍മാണ സഭയോ തയ്യാറായില്ല എന്നതും ആശ്ചര്യപ്പെടുത്തുന്നതാണ്. യഥാര്‍ത്ഥ ജനതാത്പര്യത്തെ ഈ സഭ പ്രതിഫലിപ്പിക്കുന്നുണ്ടോയെന്ന് സംശയമുയരുകയാണ്.

സമാനമായ രീതിയില്‍ തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിനെതിരെ വന്ന കോടതി വിധിയും അത് മറികടക്കാന്‍ അവിടത്തെ നിയമസഭ പുതിയ നിയമമുണ്ടാക്കിയതും കേരളത്തിലെ ജനപ്രതിനിധികള്‍ക്കും സര്‍ക്കാരിനും പാഠമാകേണ്ടതാണ്. ആളിക്കത്തുമായിരുന്ന ഒരു വിവാദ വിഷയത്തിലെ തീ താത്കാലികമായെങ്കിലും അണയ്‌ക്കാന്‍ സുപ്രീംകോടതി വിധി പ്രയോജനപ്പെട്ടു. പക്ഷേ കേസ് തുടരുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും അടിയന്തിരമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.

തൃശൂര്‍ പൂരത്തിനെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുന്നുവെന്ന ദേവസ്വങ്ങളുടെ പരാതിയും അന്വേഷിക്കേണ്ടതാണ്. എല്ലാ വര്‍ഷവും തൃശൂര്‍ പൂരത്തിന് ഒന്നിന് പിറകേ ഒന്നായി വിവാദങ്ങളും തടസങ്ങളും സൃഷ്ടിക്കപ്പെടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പൂരങ്ങളും ഉത്സവങ്ങളും കേവലം വിശ്വാസത്തിന്റെ പ്രശ്‌നം മാത്രമല്ല, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാനമായ അടിസ്ഥാനങ്ങളില്‍ ഒന്നു കൂടിയാണെന്നും മനസിലാക്കണം. ഓരോ പൂരക്കാലവും ഒട്ടനവധി ജീവിതങ്ങളുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ്. ബലൂണ്‍ വില്പനക്കാരന്‍ മുതല്‍ ആനക്കാരന്‍ വരെയും മേളക്കാര്‍ മുതല്‍ പൂ
ജാരി വരെയുമുള്ള ഒട്ടേറെ പേര്‍ക്ക് ഒരു വര്‍ഷം ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നത് ഈ പൂരക്കാലത്താണ്. കൊറോണക്കാലത്ത് പൂരങ്ങളും ഉത്സവങ്ങളും മുടങ്ങിയതോടെ ആയിരക്കണക്കിന് വാദ്യ കലാകാരന്മാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും ഉപജീവനത്തിന് വഴിയില്ലാത്തവരായി മാറിയത് കേരളം കണ്ടതാണ്. ഭരണകൂടത്തില്‍ നിന്നും ഉന്നത നീതിപീഠങ്ങളില്‍ നിന്നും ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ സമൂഹത്തിന്റെ എല്ലാ ശ്രേണികളിലുമുള്ള ആളുകളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി പരിഗണിക്കപ്പെടണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by