India

മുക്കുപണ്ടം പണയംവെച്ച് വായ്പത്തട്ടിപ്പ്; മലയാളികളടക്കം 12 പേർ അറസ്റ്റിൽ

Published by

ബെംഗളൂരു: മുക്കുപണ്ടം പണയംവെച്ച് വായ്പതട്ടിപ്പ് നടത്തിയ മലയാളികളടക്കമുള്ള 12 പേരെ മടിക്കേരി പോലീസ് അറസ്റ്റുചെയ്തു. എറണാകുളം സ്വദേശികളായ മുഹമ്മദ് കുഞ്ഞി (48), പ്രദീപ് (60), കർണാടക സ്വദേശികളായ മുഹമ്മദ് റിസ്‌വാൻ (35), പി.എച്ച്. റിസ്‌വാൻ (35), അബ്ദുൽ നസീർ (50), കെ.പി. നവാസ് (47), കെ.എ. നിഷാദ് (43), മൂസ (37), മുഹമ്മദ് അനീഫ് (42), ഖദീജ് (32), റഫീഖ് (38), ഫർഹാൻ (33) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഹംസ എന്ന മറ്റൊരു പ്രതിയെക്കൂടി പിടികൂടാനുണ്ട്. തട്ടിപ്പിന്റെ  സൂത്രധാരൻ എറണാകുളം സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണെന്ന് മടിക്കേരി ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു.

കുടക് ജില്ലാ സഹകരണ ബാങ്കിന്റെ മടിക്കേരി, ബാഗമണ്ഡല, വിരാജ്‌പേട്ട് ശാഖകളിൽനിന്നാണ് 652 ഗ്രാം മുക്കുപണ്ടം പണയംവെച്ച് ഇവര്‍ 35 ലക്ഷംരൂപ തട്ടിയത്. പ്രതികളിൽ നിന്ന് 223 ഗ്രാം തൂക്കമുള്ള 28 സ്വർണം പൂശിയ വളകൾ, ബാങ്ക് അക്കൗണ്ടുകളിലെ 2 ലക്ഷം രൂപ, 2.08 ലക്ഷം രൂപ, ഇൻഷുറൻസ് ഇനത്തിൽ 1.08 ലക്ഷം രൂപയുടെ നിക്ഷേപം, 1.40 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ എന്നിവ പിടിച്ചെടുത്തു.

പ്രതികൾക്കെതിരെ മടിക്കേരി ടൗൺ, വിരാജ്‌പേട്ട് ടൗൺ, റൂറൽ, ഭാഗമണ്ഡല പോലീസ് സ്‌റ്റേഷനുകളിലായി എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളായ പ്രദീപ്, നിഷാദ് എന്നിവര്‍ നേരത്തെയും വിവിധ കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by