ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തിലെത്തും. 43 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലേക്ക് പോകുന്നത്. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. കുവൈത്ത് അമീര്‍ ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വവുമായി മോദി കൂടിക്കാഴ്ച നടത്തും. കുവൈത്ത് കിരീടാവകാശി സംഘടിപ്പിക്കുന്ന വിരുന്നുസൽക്കാരത്തിലും അദ്ദേഹം പങ്കെടുക്കും.
കുവൈത്തിലെ ഉന്നതനേതൃത്വവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, വ്യാപാരം, നിക്ഷേപം, സുരക്ഷ എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ ഇന്ത്യൻ ലേബർ ക്യാമ്പ് സന്ദർശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനത്തിന് മുന്നോടിയായി നിക്ഷേപ ഉടമ്പടിയും പ്രതിരോധ സഹകരണ കരാറും സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം ഇന്ത്യ-കുവൈത്ത് ബന്ധത്തിൽ പുത്തൻ അദ്ധ്യായം കുറിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അരുൺ കുമാർ ചാറ്റർജി പറഞ്ഞു. വിദേശങ്ങളിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ക്ഷേമത്തിനും സുരക്ഷയ്‌ക്കും പ്രധാനമന്ത്രി മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും കുവൈത്തും ചരിത്രപരമായ ബന്ധങ്ങൾ, ശക്തമായ സാമ്പത്തിക വിനിമയം, ഊർജ്ജസ്വലമായ സാംസ്കാരിക ബന്ധങ്ങൾ എന്നിവയാൽ സവിശേഷമായ ബന്ധം പങ്കിടുന്നു. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച രാഷ്‌ട്രീയ ബന്ധമാണ് നിലനിൽക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ നടന്ന ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി അടുത്തിടെ കുവൈറ്റ് കിരീടാവകാശിയെ കണ്ടിരുന്നു. നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഈ വർഷം ആഗസ്റ്റില്‍
കുവൈത്ത് സന്ദർശിച്ചിരുന്നു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ ഹയ്യ ഡിസംബർ 3-4 തീയതികളിൽ അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ വർഷം സെപ്റ്റംബറിൽ റിയാദിൽ നടന്ന ഇന്ത്യ ഗൾഫ് സഹകരണ കൗൺസിൽ സ്ട്രാറ്റജിക് ഡയലോഗിന്റെ ഉദ്ഘാടന വേളയിൽ ഇരു വിദേശകാര്യ മന്ത്രിമാരും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക