ശ്രീനഗര്‍: കുല്‍ഗാമില്‍ സുരക്ഷാ സൈന്യം വധിച്ച അഞ്ച് ഭീകരരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനുണ്ടെന്ന് സ്ഥിരീകരണം. വ്യാഴാഴ്ച ബഹ്ലി ബാഗിലെ കദ്ദറിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഓപ്പറേഷണല്‍ ചീഫും സീനിയര്‍ കമാന്‍ഡറുമായ ഫറൂഖ് നാലി, ഉമര്‍ എന്നും അറിയപ്പെടുന്ന ഫറൂഖ് അഹമ്മദ് ഭട്ടിനെയാണ് സൈന്യം കൊന്നത്. എപ്ലസ് കാറ്റഗറിയില്‍പെടുന്ന ഭീകരനായിരുന്നു നാലി. യാരിപോര സ്വദേശിയായ ഇയാളുടെ തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ടിട്ടുണ്ട്.
നാലിയെ കൂടാതെ ആദില്‍ ഹുസൈന്‍(27), മുഷ്താഖ് അഹമദ് ഇട്ടൂ (37), മുഹമ്മദ് ഇര്‍ഫാന്‍ (28), യാസിര്‍ ജാവിദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുള്ളതായി രഹസ്യ വിവരത്തെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. ഭീകരര്‍ വെടിയുതിര്‍ക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നെന്ന് തെക്കന്‍ കശ്മീര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ജാവിദ് ഇഖ്ബാല്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. പ്രദേശത്ത് നിന്ന് എകെ 47 റൈഫിളുകള്‍, 20 മാഗസീനുകള്‍, രണ്ട് ഹാന്‍ഡ് ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
2020 മാര്‍ച്ചിലാണ് ഇട്ടൂ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അനുകൂല ഭീകര സംഘടനയില്‍ ചേരുന്നത്. ഹുസൈന്‍ 2022ലാണ് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത്. കൊല്ലപ്പെട്ടവരില്‍ നിന്നും ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, എടിഎം കാര്‍ഡ് തുടങ്ങി നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക