Kerala

പെഡ്രോ ഫ്രയറിയുടെ ‘മാലു’വിന് സുവര്‍ണ ചകോരം; ‘ഫെമിനിച്ചി ഫാത്തിമ’ ജനപ്രിയ ചിത്രം

Published by

തിരുവനന്തപുരം: 29-ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്‌കാരം പെഡ്രോ ഫ്രയറിയുടെ ‘മാലു’വിന്. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പെഡ്രോ ഫ്രയറിയ്‌ക്ക് പുരസ്‌കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ ചകോരത്തിനൊപ്പം സമ്മാനിച്ചു. മികച്ച ഏഷ്യന്‍ ചിത്രം ഫര്‍ഷാദ് ഹാഷ്മി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമായ ‘മി, മറിയം, ദ ചില്‍ഡ്രന്‍, ആന്‍ഡ് 26 അതേഴ്‌സ്’ന് രജത ചകോരം ലഭിച്ചു. മൂന്ന് ലക്ഷം രൂപ, ഫലകം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം.

ഫാസില്‍ മുഹമ്മദ് ഒരുക്കിയ ചിത്രത്തിന് മികച്ച സിനിമയ്‌ക്കുള്ള നെറ്റ്പാക്ക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ ലഭിച്ചു. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രവും ഫാസില്‍ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’യാണ്. ഫാസില്‍ മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. മികച്ച മലയാളി നവാഗത സംവിധായികയായി വിക്ടോറിയായുടെ സംവിധായിക ശിവരഞ്ജിനിയെ തിരഞ്ഞെടുത്തു. അനഘ ലക്ഷ്മിക്കും(അപ്പുറം) ചിന്മയ സിദ്ധിക്കും (ലൈറ്റ്‌സ് ഓഫി ദമാം) ജൂറി പരാമര്‍ശം ലഭിച്ചു. സംവിധായിക പായല്‍ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്. ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമയ്‌ക്കാണ് 5 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം. ‘അപ്പുറം’ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധാനത്തിനുള്ള പുരസ്‌കാരം ഇന്ദു ലക്ഷ്മിക്ക് ലഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക