ഒരു ദിവസം ശ്രീരാമകൃഷ്ണദേവന്‍ തന്റെ ധര്‍മ്മപത്‌നിയായ ശ്രീ ശാരദാദേവിയെക്കുറിച്ച് ഭക്തയായ ഗോപാല്‍മായോട് പറഞ്ഞു: ”എന്തൊരു സഹിഷ്ണുതയാണ് അവര്‍ക്ക്. ഞാന്‍ അവരെ നമസ്‌ക്കരിക്കുന്നു.” ഇതു തന്നെയാണ് ശ്രീശാരദാദേവിയുടെ ബാല്യം മുതലെയുള്ള ജീവിത ചരിത്രത്തില്‍ ഉടനീളം പ്രതിഫലിക്കുന്നത്.
ശൈശവത്തില്‍ വിവാഹം കഴിച്ച ശ്രീരാമകൃഷ്ണന്‍ മുഴുഭ്രാന്തനായിരിക്കുന്നു എന്ന കിംവദന്തികള്‍ കേട്ട് അദ്ദേഹത്തെ പരിചരിക്കേണ്ടത് തന്റെ കടമയാണെണ് ചിന്തിച്ച് ഉടനെ ദക്ഷിണേശ്വരത്തേക്ക് പുറപ്പെട്ടു. അവിടെചെന്ന് ഭര്‍ത്താവിന്റെ ആത്മീയ പാതയില്‍ പങ്കാളിയായി. നഹബത്ത് എന്ന കൊച്ചുകെട്ടിടത്തില്‍ താമസിക്കുമ്പോള്‍ സാധനങ്ങള്‍ സൂക്ഷിക്കലും പാചകവും ഭക്ഷണം കഴിക്കലും കിടപ്പും എല്ലാം ഒരു മുറിയില്‍ തന്നെയായിരുന്നു. ഭര്‍ത്തൃ സേവനത്തിനുവേണ്ടിയുള്ള യാതൊരു യാതനയും ദേവിക്ക് ക്ലേശകരമായി തോന്നിയില്ല. ശ്രീരാമകൃഷ്ണദേവനു മാത്രമല്ല, കൂടെ താമസിക്കുന്ന ശിഷ്യര്‍ക്കും അദ്ദേഹത്തിന്റെ മാതാവിനും വരുന്ന അനേകം ഭക്തര്‍ക്കും പാചകം ചെയ്യണമായിരുന്നു. പില്‍ക്കാലത്ത് സാന്ദര്‍ഭികമായി ഒരു ഭക്തയോട് ദേവി പറഞ്ഞു: ”ഭര്‍ത്താവിന്റെ കൂടെ ഒരു വൃക്ഷത്തണലിലും രാജകൊട്ടാരത്തിലെ സുഖം അനുഭവപ്പെടണം” ദേവിയുടെ ഒരു സന്ദേശമാണിത്.
ശ്രീരാമകൃഷ്ണദേവന് ആഹാരം കൊടുക്കുമ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ സാമീപ്യം അനുഭവിക്കാന്‍ കഴിയുന്നത്. അതും ഗുരുദേവന്റെ ഭക്ത ഗോപാല്‍മാ ഏറ്റെടുത്തതോടെ കുറച്ചുകാലം അതും നഷ്ടമായി. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ തനിക്കുള്ളതുപോലെ മറ്റുള്ളവര്‍ക്കും അവകാശം ഉണ്ടെന്ന് ദേവി മനസ്സിനെ പാകപ്പെടുത്തി. ഒരിടയ്‌ക്ക് ഒരു സ്ത്രീ കൂടെക്കൂടെ ഗുരുദേവനെ സുഖകരമല്ലാത്ത രീതിയില്‍ സേവിക്കാന്‍ വരാന്‍ തുടങ്ങി. ഗുരുദേവന്‍ അവരെ ശകാരിക്കുന്നതു കേട്ട് ഗോപാല്‍മായോട് അവരെ ദേവിയുടെ അടുത്തേക്ക് കൊണ്ടുവരാന്‍ പറഞ്ഞു. അവരോട് ദേവി പറഞ്ഞു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സുഖപ്രദമല്ലെങ്കില്‍ എന്റെ സമീപത്ത് വന്നുകൊള്ളു. ഇങ്ങനെ വേറെ ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?
1881-ല്‍ ദേവി ജയറാംബാടിയില്‍ നിന്ന് ദക്ഷിണേശ്വരത്തു വന്നപ്പോള്‍ ഭഗവാന്റെ അനന്തരവന്‍ ഹൃദയന്‍ ദേവിയോടും അമ്മയോടും പരുഷമായി നിന്ദിച്ചു പെരുമാറിയതിനാല്‍ വേദനയോടെ തിരിച്ചു പോകേണ്ടതായി വന്നു. അധികം താമസിയാതെ ഹൃദയനെ കാളീ ക്ഷേത്രത്തില്‍ നിന്നും മറ്റൊരു കാരണത്താല്‍ പുറത്താക്കുകയുണ്ടായി.
ഭഗവാന്റെ മഹാസമാധിക്ക് ഉദ്ദേശം 5 കൊല്ലം മുമ്പുതന്നെ ശാരദാദേവിയോട് താന്‍ ശരീരം ത്യജിക്കുവാന്‍ പോകുന്നതിനു മുമ്പ് കാണുന്ന ലക്ഷണങ്ങളൊക്കെ പറഞ്ഞിരുന്നു. ഭഗവാന് തൊണ്ട രോഗം വന്ന് ചികിത്സക്കായി ശ്യാംപൂക്കറിലേക്ക് കൊണ്ടുപോകുമ്പോള്‍ തന്നെ ദേവി അതില്‍ ചിലതെല്ലാം കണ്ടു തുടങ്ങിയിരുന്നു. അപ്പോള്‍ വളരെ കുണ്ഠിതയായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ഏകാന്തത്തില്‍ ഇരുന്ന് കരയുമായിരുന്നു. ശ്യാംപുക്കൂരില്‍ ദേവിയ്‌ക്കു കൂടി താമസിക്കാന്‍ ഇടയില്ലാത്തതുകൊണ്ടാണ് കൊണ്ടുപോകാതിരുന്നത്. ഭഗവാന്‍ പോയത് ദേവിയോടുള്ള അസന്തുഷ്ടി കൊണ്ടാണെന്ന് ഗോപാല്‍മാ പറയുന്നത് കേള്‍ക്കാനിടയായി. എന്നാലും ഇതു കേട്ടപ്പോള്‍ കഠിനവ്യഥയോടെ ദേവി അവിടെ എത്തി ഭഗവാനോട് ഇത് സത്യമാണോ എന്ന് നേരിട്ട് ആരാഞ്ഞു. ഭഗവാന്‍ ഈ വക അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഗോലാപ്മായെ വിളിച്ച് ദേവിയോട് മാപ്പ് പറയാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ വന്ന് ക്ഷമയാചനം ചെയ്തപ്പോള്‍ ദേവി ചിരിച്ച് പുറത്തു തട്ടി ആശ്വസിപ്പിച്ചു.
പിന്നീട് ഗുരുദേവന് ഹിതമായ വിധത്തില്‍ ഭക്ഷണം തയാറാക്കാന്‍ ദേവിയെ ശ്യാംപുക്കൂറിലേക്ക് വിളിച്ചു. അവിടെ കുളിക്കാനും മറ്റും ഒരു മുറി മാത്രം ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും അസൗകര്യം ഉണ്ടാകാത്ത രീതിയിലാണ് ദേവി കഴിഞ്ഞത്. ശ്യാംപുക്കൂറില്‍ നിന്ന് കൂടുതല്‍ സൗകര്യം ഉള്ള കോസിപ്പൂര്‍ ഉദ്യാനത്തിലേക്ക് ഭഗവാനെ കൊണ്ടുപോയപ്പോള്‍ ദേവിയും അനുഗമിച്ചു. 1886 ആഗസ്റ്റ് 15ന് ഗുരുദേവനില്‍ നിന്ന് യാത്ര പറയുന്ന വാക്കുകള്‍ കേട്ട് അടക്കി നിര്‍ത്തിയ കണ്ണീര്‍ പ്രവഹിക്കാന്‍ തുടങ്ങി. ആഗസ്റ്റ് 16ന് മഹാസമാധിക്കു ശേഷം സാരിയിലെ ചുവന്ന കര കീറിക്കളയുകയും വളകള്‍ ഊരുകയും ചെയ്തപ്പോള്‍ ഗുരുദേവന്‍ മുന്നില്‍ വന്ന് ഇതെന്താണ് ചെയ്യുന്നത്, താന്‍ എങ്ങും പോയിട്ടില്ലെന്നും ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് പോയതേ ഉള്ളു എന്നും പറഞ്ഞപ്പോള്‍ ദേവി വള ഊരാതെ കുറഞ്ഞ കരയുള്ള സാരി ധരിക്കാന്‍ തുടങ്ങി. ദേവി കാമാര്‍പുക്കൂറില്‍ താമസിക്കുമ്പോള്‍ അവിടെയുള്ള സ്ത്രീകള്‍ വിമര്‍ശിക്കുമായിരുന്നു. ദേവി മനംനൊന്ത് വള ഊരാന്‍ പോയപ്പോള്‍ അപ്പോഴും ഭഗവാന്‍ മുന്നില്‍ വന്ന് വീണ്ടും ആവര്‍ത്തിച്ചു. പിന്നീട് പരിഹാസങ്ങള്‍ ദേവിയെ ബാധിച്ചില്ല.
ഭഗവാന്‍ നേരത്തെ തന്നെ നിര്‍ദ്ദേശിച്ചതനുസരിച്ച് ദേവി ഭക്തരോടൊപ്പം തീര്‍ത്ഥയാത്രയ്‌ക്ക് പോയി. വൃന്ദാവനത്തില്‍ നിന്നു വന്നശേഷം ദക്ഷിണേശ്വരത്ത് ക്ഷേത്രത്തില്‍ തൊഴുത് പ്രാര്‍ത്ഥിച്ചു. ഭഗവാന്റെ മുറിയിലും നഹബത്തിലും നില്‍ക്കുമ്പോള്‍ മധുരമായ ഓര്‍മകള്‍ ഉണ്ടായി. ഭഗവാന്റെ നിയോഗമനുസരിച്ച് കാമാര്‍പുക്കൂറില്‍ താമസത്തിനായി തിരിച്ചു. ഗോലാപ്മായും യോഗിനും കൊണ്ടാക്കാനായി കൂടെ പോയിരുന്നു. യാത്ര ചെയ്യാന്‍ പോലും മതിയായ പൈസ ഉണ്ടായിരുന്നില്ല. ട്രെയിനിറങ്ങി വളരെ അധികം ദൂരം നടക്കേണ്ടി വന്നു. കാമാര്‍പുക്കൂറിലെ ജീവിതം അത്യന്തം ക്ലേശകരമായിരുന്നു. ബന്ധുമിത്രാദികളൊന്നും സഹായിച്ചില്ല. ഭഗവാന്‍ ബലറാം ബസുവിനെ ഏല്പിച്ചിരുന്നതില്‍ നിന്ന് മാസം തോറും കിട്ടുന്ന ചെറിയൊരു തുക മാത്രമായിരുന്നു ചിലവിന് ഉണ്ടായിരുന്നത്. പക്ഷെ ശ്യാമസുന്ദരീദേവി മകളുടെ ദയനീയാവസ്ഥ അറിഞ്ഞ് ജയറാംവാടിയിലേക്ക് വിളിച്ചു. ജഗദ്ധാത്രിപൂജയ്‌ക്കുമാത്രം പോയി ദേവി തിരിച്ച് കാമാര്‍പുക്കൂറിലേക്ക് പോന്നു. ദേവിയുടെ അമ്മയ്‌ക്ക് മകളുടെ അവസ്ഥ കണ്ടിട്ട് ഉണ്ടായ ആധിമൂലം അവര്‍ കല്‍ക്കത്തയില്‍ ഭഗവാന്റെ ശിഷ്യരിലേക്ക് ഈ വാര്‍ത്ത എത്തിച്ചു. അവരും ഭഗവാന്റെ തിരോധാനത്തിനു ശേഷം സാമ്പത്തികമായും മാനസികമായും സംഘട്ടനങ്ങള്‍ അനുഭവിക്കുന്ന കാലമായിരുന്നു. എങ്കിലും ഇത്ര കഷ്ടസ്ഥിതിയാണെന്നറിഞ്ഞ് ദേവിയെ ഗൃഹസ്ഥശിഷ്യനായ ബലറാംബസുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. തന്റെ അമ്മയുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും അഭിപ്രായം ചോദിച്ചിട്ടു മാത്രമാണ് കല്‍ക്കത്തയിലേക്ക് ദേവി പോയത്.
1888 മുതല്‍ 1920 വരെ ദേവി കല്‍ക്കത്തയിലും ജയറാംബാടിയിലും ആയി താമസിച്ചു. ജയറാംബാടിയില്‍ തന്റെ വീടിനോടുള്ള കടമകളൊക്കെ ദേവി നിര്‍വഹിച്ചിരുന്നു. ലൗകിക ലാഭത്തിനായി അലട്ടിക്കൊണ്ടിരിക്കുന്നവരായിരുന്നു സഹോദരങ്ങളും അവരുടെ കുടുംബവും. ഇളയ സഹോദരനിലായിരുന്നു ദേവിയുടെ പ്രതീക്ഷ. പക്ഷെ മെഡിക്കല്‍ ബിരുദം നേടിയശേഷം അസുഖം ബാധിച്ച് പെട്ടെന്ന് ശരീരം വെടിഞ്ഞത് ദേവിയെ വളരെ വേദനിപ്പിച്ചു. മാത്രമല്ല മനോനില തെറ്റിയ സഹോദരഭാര്യയെയും അവരുടെ കുട്ടിയെയും സംരക്ഷിക്കേണ്ടിവന്നു. 1920-ല്‍ സഹോദരപുത്രി രാധുവിന്റെ ജനനത്തോടെ ജീവിതാന്ത്യം വരെ രാധുവിന്റെ ചുമതല ദേവി നിര്‍വ്വഹിച്ചു. ഭഗവാന്റെ തിരോധാനത്തോടെ ലൗകിക ജീവിതത്തില്‍ ദേവിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു.
1899- നവംബറില്‍ ദേവിയുടെ ആദ്യത്തെ സംന്യാസി ശിഷ്യനും സഹചാരിയും ആയിരുന്ന യോഗാനന്ദസ്വാമി ശരീരം വെടിഞ്ഞത് ദേവിയോ ദുഃഖിപ്പിച്ചു. ആദ്യം മന്ത്രദീക്ഷ കൊടുത്തത് യോഗാനന്ദസ്വാമി ആയിരുന്നു. അതു കഴിഞ്ഞ് ഈ ലൗകിക പ്രാരാബ്ധങ്ങള്‍ക്കിടയില്‍, ഈശ്വരാന്വേഷികളായി വന്ന ധാരാളം ഭക്തന്മാര്‍ക്ക് ദേവി മന്ത്രദീക്ഷ നല്‍കി. തന്റെ അടുത്തു വന്ന് മന്ത്രദീക്ഷ എടുത്തു പോകുന്നവര്‍ കൃത്യമായി മന്ത്രം ജപിച്ചില്ലെങ്കില്‍ ആ ഭാരവും ദേവി ഏറ്റെടുത്ത് ഉറങ്ങാതെ ജപിക്കുമായിരുന്നു. എന്നാലൊ ദീക്ഷ കൊടുക്കുന്നതില്‍ ഒരു വിവേചനവും ഉണ്ടായിരുന്നില്ല. ശ്രീരാമകൃഷ്ണന്‍ ബംഗാളി അക്ഷരമാലയിലെ മൂന്ന് അക്ഷരങ്ങള്‍ ഷ, ഷ, ഷ, എന്നുള്ളത് സഹനം, സഹനം, സഹനം എന്ന് നിര്‍വചിച്ചിരുന്നത് ദേവി സ്വജീവിതത്തിലൂടെ അനുഷ്ഠിച്ചതിന്റെ കുറച്ചു ദൃഷ്ടാന്തങ്ങളാണ് വിവരിച്ചത്. ആത്മീയ ചൈതന്യം ഉള്ളില്‍ നിറഞ്ഞിരുന്ന ദേവി സാധാരണക്കാരില്‍ സാധാരണക്കാരിയായി ജീവിച്ച് ജീവിതത്തിലെ ദുരിതങ്ങളും കഷ്ടപ്പാടുകളും എങ്ങനെ സഹിക്കണമെന്ന് നമ്മളെ പഠിപ്പിച്ചു.
‘സഹിഷ്ണുത മഹത്തായ ഒരു ഗുണമാണ്, അതുപോലെ വേറൊന്നില്ല’ എന്ന് വിവേകാനന്ദസ്വാമികളും പറഞ്ഞിട്ടുണ്ട്. ഗുരുപത്‌നിയായിട്ടല്ല, വിശ്വജനനിയായിട്ടാണ് സ്വാമിജി അമ്മയെ കണ്ടിരുന്നത്. ശ്രീരാമകൃഷ്ണദേവനു മുകളിലാണ് സ്വാമിജി ശക്തിസ്വരൂപിണിയായ അമ്മയ്‌ക്ക് സ്ഥാനം കൊടുത്തിരുന്നത്. സ്വാമിജിക്ക് മാതൃദേവിയുടെ അടുത്ത് പോകുന്നത് പവിത്രമായ തീര്‍ത്ഥയാത്രയ്‌ക്കു തുല്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക