Samskriti

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ,  സര്‍വ്വമതസമ്മേളനം ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും

Published by

ശിവഗിരി:ശ്രീനാരായണഗുരുദേവന്‍ അനുഗ്രഹിച്ചനുവദിച്ച ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ചരിത്രധന്യതയുമായി 92 -ാമത് ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30,31,  ജനുവരി 1 തീയതികളില്‍ ശിവഗിരി മഠത്തില്‍ നടക്കുകയാണ്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി..
ഡിസംബര്‍ 30നു രാവിലെ 10 മണിക്ക് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍  തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണവും മന്ത്രി എം.ബി. രാജേഷ് മുഖ്യപ്രഭാഷണവും നടത്തും.

11.30 നു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനായിരിക്കും. ചടങ്ങില്‍ നാരയണഗുരുകുല അധ്യക്ഷന്‍ മുനിനാരായണപ്രസാദ് സ്വാമിയെ ആദരിക്കും. രമേശ് ചെന്നിത്തല എം.എല്‍.എ വിശിഷ്ടാതിഥിയായിരിക്കും.

ഉച്ചയ്‌ക്ക് 2 നു മന്ത്രി കെ.എന്‍.ബാലഗോപാല്‍ ശാസ്ത്രസാങ്കേതിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് & ടെക്നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അനന്തരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 5 നു നടക്കുന്ന ശുചിത്വം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസം സമ്മേളനം  മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പത്മശ്രീ ഡോ. മാര്‍ത്താണ്ഡപിള്ള, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. രാത്രി 7 മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം മല്ലിക സുകുമാരന്‍ നിര്‍വഹിക്കും.

ഡിസംബര്‍ 31 ന് രാവിലെ 5.30 നു ഗുരുദേവമഹാസമാധിയില്‍ നിന്നും അലങ്കരിച്ച ഗുരുദേവ റിക്ഷയ്‌ക്ക് സന്യാസിമാരും പീതാംബരധാരികളായ പദയാത്രികരും തീര്‍ത്ഥാടകരും അകമ്പടി സേവിച്ച് തീര്‍ത്ഥാടനഘോഷയാത്ര പുറപ്പെടും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ത്ഥാടനമഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദസ്വാമി അധ്യക്ഷത വഹിക്കും. സ്വാമി സൂക്ഷ്മാനന്ദയും സ്വാമി ശാരദാനന്ദയും അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി വി.എന്‍. വാസവന്‍, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫ് അലി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

ഉച്ചയ്‌ക്ക് 2 നു ചേരുന്ന കൃഷി,കൈത്തൊഴില്‍, വ്യവസായം,ടൂറിസം സമ്മേളനം കേന്ദ്ര ടൂറിസംമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യും.  മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. വൈകിട്ട് 5നു നടക്കുന്ന ഈശ്വരഭക്തി  സര്‍വ്വമതസമ്മേളനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ അധ്യക്ഷനായിരിക്കും. രാത്രി 12 മണിക്ക് മഹാസമാധിയില്‍ പുതുവത്സര പൂജയും സമൂഹപ്രാര്‍ത്ഥനയും നടക്കും.

പുതുവത്സര ദിനമായ ജനുവരി 1നു രാവിലെ 8 മണിയ്‌ക്ക് മഹാസമാധിയില്‍ ഗുരുദേവ പ്രതിമാപ്രതിഷ്ഠാദിന വിശേഷാല്‍ പൂജകള്‍ നടക്കും.10 മണിയ്‌ക്ക് തുടങ്ങുന്ന വിദ്യാര്‍ത്ഥിയുവജന സമ്മേളനം കെ.പി.സി.സി. പ്രസിഡന്‍റ്  കെ.സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കര്‍ണാടക  സ്പീക്കര്‍ യു.ടി. ഖാദര്‍ മുഖ്യാതിഥിയായിരിക്കും. എ.എ.റഹീം എം.പി, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ, കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല എന്നിവര്‍ മുഖ്യപ്രസംഗങ്ങള്‍ നടത്തും.

ഉച്ചയ്‌ക്ക് 2നു നടക്കുന്ന സാഹിത്യസമ്മേളനം നിരൂപകന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. കേരളസാഹിത്യ അക്കാദമി വൈസ്പ്രസിഡന്‍റ് അശോകന്‍ ചരുവില്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 5നു കേന്ദ്ര  മന്ത്രി ജോര്‍ജ് കുര്യന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. അധ്യക്ഷത വഹിക്കും
തീര്‍ത്ഥാടനദിവസങ്ങളില്‍ രാത്രി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും.

ജനറല്‍ സെക്രട്ടറി  സ്വാമി ശുഭാംഗാനന്ദ,തീര്‍ത്ഥാടനകമ്മിറ്റിസെക്രട്ടറി   സ്വാമി ഋതംഭരാനന്ദ,ജോയിന്‍റ് സെക്രട്ടറി   സ്വാമി വിരജാനന്ദഗിരി,മീഡിയകമ്മിറ്റി ചെയര്‍മാന്‍   ഡോ. ജയരാജു,പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍  ഡോ. എസ്. ജയപ്രകാശ് എന്നിവര്‍പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by