തിരുവനന്തപുരം: ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും കെഎസ്ആര്‍ടിസിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ തുടരുന്നു. പിഎസ്സിയെ നോക്കുകുത്തിയാക്കി ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക് തസ്തികകളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയതിന് പിന്നാലെ പ്രമോഷന് തസ്തികയായ ഡ്രൈവര്‍ ട്രെയിനര്‍ തസ്തികയിലേക്ക് പെന്ഷന് പറ്റിയ ഭരണകക്ഷി യൂണിയന്‍കാരെ തിരുകിക്കയറ്റി.
ഡിസംബര്‍ 12ന് കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ കെഎസ്ടി എംപ്ലോയീസ് സംഘി (ബിഎംഎസ്) ന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 18 ന് ഇന്റര്‍വ്യൂ ഓണ്‍ലൈനായി നടത്തി നിയമനം നടത്തുകയായിരുന്നു.
ഇതോടെ ജീവനക്കാരുടെ പ്രമോഷന് തസ്തികകളായ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, സ്റ്റേഷന്മാസ്റ്റര്, ഇന്‍സ്പെക്ടര്‍ ചാര്ജ്മാന്, അസി. ഡിപ്പോ എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലും ഇനിമുതല്‍ പ്രമോഷന് നല്‍കാതെ പുതിയ നിയമനങ്ങള്‍ നടത്താനാണ് തീരുമാനം. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുകയാണ്. ബിഎംഎസ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ശക്തമായ സമരങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ ബദല്‍ നിയമനങ്ങളില്‍ ഭരണകക്ഷി യൂണിയന് നേതാക്കളാണ് ഭൂരിഭാഗവും എന്നുള്ളതുകൊണ്ട് ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ പിന്‍വാതില്‍ നിയമനങ്ങളെ അനുകൂലിക്കുകയാണ്. ജീവനക്കാരുടെ പ്രമോഷന് സാധ്യതകളെ അട്ടിമറിച്ചുകൊണ്ട് പെന്ഷന് പറ്റിയവരെ നിയമിക്കുന്ന നടപടി തുടരുകയാണെങ്കില്‍ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: