Kerala

ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വിലയും സബ്‌സിഡിയും പ്രഖ്യാപിച്ച് മില്‍മ

Published by

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു) ക്ഷീര കര്‍ഷകര്‍ക്ക് 15 രൂപ അധിക പാല്‍വിലയും 200 രൂപ കാലിത്തീറ്റ സബ്‌സിഡിയും പ്രഖ്യാപിച്ചു. നവംബര്‍ മാസത്തില്‍ ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിച്ച പാലിന് ലിറ്ററൊന്നിനാണ് 15 രൂപ അധിക പാല്‍വില പ്രഖ്യാപിച്ചത്. യൂണിയന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാന്‍ മണി വിശ്വനാഥ് പ്രഖ്യാപനം നടത്തിയത്.

അധിക പാല്‍വിലയായ 15 രൂപയില്‍ 10 രൂപ കര്‍ഷകര്‍ക്കും 3 രൂപ സംഘങ്ങള്‍ക്കും ലഭിക്കും. 2 രൂപ സംഘങ്ങള്‍ക്ക് യൂണിയനിലുള്ള ഓഹരികളായി മാറ്റും. ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്റെ പരിധിയിലുള്ള ക്ഷീര സംഘങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി പാല്‍വില ലിറ്ററൊന്നിന് 59.98 രൂപയായി വര്‍ധിക്കും.

2025 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചാക്കൊന്നിന് 200 രൂപ വീതം കാലിത്തീറ്റ സബ്‌സിഡി നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. യോഗത്തില്‍ എംഡി ഡോ. മുരളി
പി., ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.ജി. വാസുദേവനുണ്ണി, കെ.ആര്‍. മോഹനന്‍ പിള്ള, പ്രതുലചന്ദ്രന്‍, ഡബ്ല്യുആര്‍ അജിത് സിങ്, എന്നിവര്‍ സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by