ചെന്നൈ: കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ക്കൊപ്പം രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങളും തമിഴ്‌നാട്ടില്‍ തള്ളുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു.
തിരുനെല്‍വേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്‌ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് മാലിന്യം ഉപേക്ഷിക്കുന്നത്. ഉപയോഗിച്ച സിറിഞ്ചുകള്‍, കൈയുറകള്‍, മാസ്‌ക്, മരുന്നുകുപ്പികള്‍ എന്നിവയ്‌ക്കൊപ്പം രോഗികളുടെ ഭക്ഷണക്രമത്തിന്റയും ആശുപത്രികളില്‍ നല്കുന്ന സമ്മതപത്രത്തിന്റെയും രേഖകളും ഇക്കൂട്ടത്തിലുണ്ട്. തിരുനെല്‍വേലിയിലെ പേപ്പര്‍ മില്ലുകളില്‍ നിന്ന് കേരളത്തിലേക്ക് പോകുന്ന ലോറികള്‍ മടങ്ങിവരുമ്പോള്‍ മെഡിക്കല്‍ മാലിന്യവും കടത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി.
സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി തമിഴ്‌നാട് ഘടകം രംഗത്ത് വന്നു. തമിഴ്നാടിനെ കേരളത്തിന്റെ മാലിന്യം തള്ളാനുള്ള കേന്ദ്രമാക്കി ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരോപിച്ചു.
ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്, മാംസ ഉത്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത കടത്തലും സംസ്‌കരണവും തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.
ഇനിയും ഇതേ പോലെയുള്ള സംഭവങ്ങള്‍ തുടര്‍ന്നാല്‍, പൊതുജനങ്ങളെ കൂട്ടി, ഈ ജൈവ മാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍ എന്നിവ ലോറികളില്‍ കയറ്റി, കേരളത്തിലേക്ക് കൊണ്ടുപോകും. ആദ്യം ലോറിയില്‍ താനും ഉണ്ടാകുമെന്ന് അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് തിരുനെൽവേലിയിൽ ആശുപത്രിമാലിന്യങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആർസിസിയുടെ വിശദീകരണം.
തിരുവനന്തപുരം: ആശുപത്രി മാലിന്യങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങൾ ആർ.സി.സി സ്വീകരിച്ചിട്ടുണ്ട്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ബയോമെഡിക്കൽ മാലിന്യങ്ങളുൾപ്പെടെ വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ ആർ.സി.സി നടപ്പിലാക്കുന്നു.
സുരക്ഷിതവും കാര്യക്ഷമവുമായ മാലിന്യ നിർമാർജനം ഉറപ്പാക്കുന്നതിന്, RCC സ്വീകരിച്ച നടപടികൾ
പൊതുമാലിന്യങ്ങൾ: ആശുപത്രിയിലെ പൊതുമാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിക്കുന്നത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റേയും കേരള ശുചിത്വ മിഷന്റേയും അംഗീകാരമുള്ള സുനേജ് ഇക്കോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.
പുനരുപയോഗിക്കാവുന്ന ഖരമാലിന്യങ്ങളും അവശിഷ്ടങ്ങളും: ടെണ്ടറിലൂടെ തിരഞ്ഞെടുത്ത വെണ്ടർമാരാണ് പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നത്.
ഭക്ഷണ മാലിന്യങ്ങൾ: ഒരു പ്രാദേശിക പന്നി ഫാമുമായുള്ള കരാറിലൂടെ സംസ്കരിക്കുന്നു
ബയോമെഡിക്കൽ വേസ്റ്റ്: മലിനമായ പ്ലാസ്റ്റിക്, ഷാർപ്പ്, ക്ലിനിക്കൽ മാലിന്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) കീഴിൽ പ്രവർത്തിക്കുന്ന IMAGE എന്ന സംഘടനയാണ് ശേഖരിച്ച് സംസ്കരിക്കുന്നത്.
ബയോമെഡിക്കൽ മാലിന്യങ്ങളുടെ നിർമാർജനത്തിൽ പോളിസികളും പ്രോട്ടോക്കോളുകളും പാലിക്കുന്നത് ഉറപ്പുവരുത്തുന്നുണ്ട്. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റിയുടെ (HICC) മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് നടത്തുന്നത്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കുന്നതിൽ ആശുപത്രിയുടെ ഭാഗത്തുനിന്നും പിഴവുണ്ടായിട്ടില്ല. തമിഴ്നാട് തിരുനെൽവേലിയിൽ ആശുപത്രിമാലിന്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ആർ.സി.സിക്ക് ഉത്തരവാദിത്തമില്ലെന്നും അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: