ന്യൂഡല്‍ഹി: ആധുനിക സാങ്കേതിക വിദ്യകളില്‍ ഇന്ത്യയുടെ സ്ഥാനമുയര്‍ത്താന്‍ നിര്‍മ്മിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ് പോലുള്ള മേഖലകളില്‍ പ്രാവീണ്യം കൈവരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അഭ്യര്‍ഥനയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഐഐടി ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെ വാര്‍ഷിക കണ്‍വന്‍ഷനില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് പ്രാരംഭ ഘട്ടമാണ്. സാങ്കേതികവിദ്യകളില്‍ ആധിപത്യം നേടുകയും അവ ജനക്ഷേമത്തിനും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഉപയോഗപ്പെടുത്തുകയും വേണം,’ അദ്ദേഹം പറഞ്ഞു. നിര്‍മിത ബുദ്ധിയും ക്വാണ്ടം കംപ്യൂട്ടിംഗും ഭാവിയിലെ മുഴുവന്‍ മേഖലകളെയും വന്‍തോതില്‍ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു കാലത്ത് ആയുധങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന രാജ്യം ഇന്ന് അവ കയറ്റുമതി ചെയ്യുന്ന നിലയിലെത്തിയിരിക്കുകയാണ്,’ മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിരോധ രംഗത്ത് അഭൂതപൂര്‍വ്വമായ പുരോഗതി കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ ഗവേഷണ വികസന സംഘടന (ഉഞഉഛ) ഐഐടികളുമായി സഹകരിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ഗവേഷണവികസന സ്ഥാപനങ്ങളും വ്യവസായങ്ങളും അക്കാദമികളും മികച്ച ബന്ധം സ്ഥാപിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ‘അക്കാദമികള്‍ സാങ്കേതിക വിദ്യകളുടെ പുരോഗതിയില്‍ നിര്‍ണായകമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പാശ്ചാത്യ മാതൃകകള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല, പക്ഷേ നമ്മുടെ പൈതൃകത്തോട് ചേര്‍ന്ന നിലപാട് അവലംബിക്കണം,’ പ്രതിരോധമന്ത്രി നിര്‍ദേശിച്ചു. ‘നിങ്ങളുടെ ചരിത്രത്തിന്റെ വെളിച്ചത്തില്‍ ഭാവിയുടെ പാത പ്രദീപ്തമാക്കുക,’ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതിരോധ മേഖലയിലെ വ്യവസായങ്ങള്‍ ഒരുക്കിയ പ്രദര്‍ശനം മന്ത്രി സന്ദര്‍ശിച്ചു. ഐഐടി ഡല്‍ഹിയിലെ പിഎച്ച്ഡി ഗവേഷകരും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച പോസ്റ്റര്‍ സെഷനുകള്‍ അദ്ദേഹം അഭിനന്ദിച്ചു. മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ 400 ലധികം സാങ്കേതിക വിദഗ്ധരും എഞ്ചിനീയര്‍മാരും പങ്കെടുത്തു.
രാജ്യത്തിന്റെ സാങ്കേതിക പുരോഗതി ഇന്ത്യയെ സ്വാശ്രയത്വത്തിലേക്ക് നയിക്കുന്ന ശക്തമായ ചുവടുവെപ്പായി മാറുകയാണെന്ന് സമ്മേളനം ഒരുമിച്ചു വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: