ലക്‌നൗ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ സദ്ഭരണത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്‌ട്രീയ അസ്ഥിരത സ്ഥിരതയാക്കി മാറ്റുന്നതിലും ഫലപ്രദമായ ഭരണത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ പങ്കിനെ യോഗി പ്രശംസിച്ചു.
സംഗീത നാടക അക്കാദമിയിൽ സദ്ഭരണ വാരാചരണം ഉദ്ഘാടനം ചെയ്യവെയാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ഉദ്ഘാടന ചടങ്ങിൽ ഭാരതരത്‌ന ജേതാവ് കൂടിയായ അന്തരിച്ച പ്രധാനമന്ത്രിയുടെ ജീവിതവും സംഭാവനകളും പ്രകീർത്തിക്കുന്ന ഒരു എക്‌സിബിഷനും യോഗി അനാച്ഛാദനം ചെയ്തു.
വാജ്‌പേയിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി ഡിസംബർ 25 വരെ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനത്തോടെ രാജ്യത്തും സംസ്ഥാനത്തും സദ്ഭരണ വാരം ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
“അടൽജിയുടെ പൂർവ്വിക വേരുകൾ ഉത്തർപ്രദേശിലാണ്, അദ്ദേഹം തന്റെ കർമ്മഭൂമിയായി തിരഞ്ഞെടുത്തു, ബൽറാംപൂരിൽ നിന്നും ലഖ്‌നൗവിൽ നിന്നും പാർലമെൻ്റിൽ ഒന്നിലധികം തവണ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു,” – ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ഇതിനു പുറമെ വിദേശകാര്യ മന്ത്രിയായും പ്രധാനമന്ത്രിയായും അദ്ദേഹം രാജ്യത്തിന് മാതൃകാപരമായ നേതൃത്വം നൽകി. അടൽജി ഒരു രാഷ്‌ട്രീയക്കാരൻ മാത്രമല്ല കവിയും പത്രപ്രവർത്തകനും സാഹിത്യകാരനും കൂടിയായിരുന്നു, അദ്ദേഹത്തിന്റെ ആറ് പതിറ്റാണ്ടിന്റെ പൊതുജീവിതം കളങ്കമില്ലാതെ തുടർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ സമൂഹത്തിലെ ദരിദ്രർ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനും പട്ടികജാതി, പട്ടികവർഗക്കാർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള അന്ത്യോദയ പദ്ധതി പോലുള്ള വാജ്‌പേയിയുടെ ദർശനപരമായ സംരംഭങ്ങളെയും യോഗി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന, സുവർണ്ണ ചതുർഭുജം തുടങ്ങിയ പരിവർത്തന പദ്ധതികളും അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ഇന്ത്യയിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെയും ഹൈവേകളുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ഡിസംബർ 25 വരെ തുടരുന്ന സദ്ഭരണ വാരാചരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിപാടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ കുട്ടികൾക്കുള്ള സദ്ഭരണത്തെക്കുറിച്ചുള്ള ഉപന്യാസ രചനാ മത്സരങ്ങൾ, ഉന്നത വിദ്യാഭ്യാസ തലത്തിൽ പ്രസംഗങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, ഗ്രാമീണ മേഖലയിലെ സെമിനാറുകൾ എന്നിവ ഈ പ്രോഗ്രാമുകളിൽ ഉൾപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: