ന്യൂദൽഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം നടത്താമെന്നും സുപ്രിം കോടതി നിർദേശിച്ചു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശൂന്യതയിൽ നിന്നും ഉത്തരവിറക്കാനാവില്ലെന്നും നിരീക്ഷിച്ചു.
ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി ഉത്തരവിട്ടതുപോലെ ആനകൾക്ക് എങ്ങനെയാണ് മൂന്നു മീറ്റർ അകലം പാലിക്കാനാവുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. പകൽ 9 മുതൽ 5 മണിവരെ എഴുന്നള്ളിപ്പ് നടത്താനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി നടപ്പിലാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മിക്ക ആഘോഷങ്ങളുടേയും സമയം പകല്‍ ഒമ്പത് മുതല്‍ അഞ്ച് മണി വരേയാണെന്നും അതിനാല്‍ ആ നിര്‍ദേശം പാലിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നീരിക്ഷണം. ജസ്റ്റിസ് മാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
എഴുന്നള്ളത്തിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലപരിധി ഏർപ്പെടുത്തുന്നത്. ഹൈക്കോടതിയുടെ മാർഗനിർദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത് അംഗീകരിക്കില്ല. ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ നീതിന്യായ വ്യവസ്ഥ സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: