തിരുവനന്തപുരം: പോലീസ് സേനയ്‌ക്കുള്ളിലെ ആത്മഹത്യ വര്‍ധിച്ചപ്പോള്‍ പരിഹാരത്തിന് സ്വീകരിച്ച നടപടികളൊന്നും ഫലവത്താകുന്നില്ലെന്ന് ഇതുവരെയുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.
2023 ഡിസംബര്‍ 22ന് അക്കാദമി റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍ വിഭാഗം ഒരു സംഘത്തെ നിയോഗിച്ചു. ആത്മഹത്യാ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുന്നതിനുള്ള പഠനം നടത്തുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും പഠനം എങ്ങും എത്തിയില്ല. സ്‌റ്റേഷനുകളിലെ അംഗബലം പരിഷ്‌കരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയത് ഇപ്പോഴും കടലാസിലാണ്.
ഡിജിപിയുടെ പരാതി പരിഹാര സെല്‍, മാനസിക സംഘര്‍ഷം കുറയ്‌ക്കാന്‍ ഹാറ്റ്‌സ് പദ്ധതി, കുടുംബ കൗണ്‍സിലിങ് സംവിധാനം, മെന്ററിങ്, പോലീസ് വെല്‍ഫെയര്‍ ബ്യൂറോ, വീക്കിലിഓഫ് നല്‍കാനുള്ള കര്‍ശന നിര്‍ദേശം, പുതിയ തസ്തികകള്‍ സൃഷിടക്കല്‍ തുടങ്ങി ഒന്നും ഫലവത്തായില്ല. അരനൂറ്റാണ്ട് മുമ്പത്തെ സ്റ്റാഫ് പാറ്റേണ്‍ 1974 ല്‍ യൂണിറ്റ് രൂപീകരിച്ച സമയത്തെ സ്റ്റാഫ് പാറ്റേണില്‍ തന്നെയാണ് പോലീസ് സേന ഇപ്പോഴും തുടരുന്നത്. ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റിനായി പോലീസ് വിഭാഗം ആഭ്യന്തര വകുപ്പിലേക്ക് ഫയല്‍ അയച്ചു. 300 ല്‍ അധികം പേരുടെ നിയമന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഹൈവേ പോലീസിലേക്ക് പ്രത്യേക വിങ്ങിനായി 795 അധിക നിയമനം, പോക്‌സോ വിഭാഗത്തിനായി 200 പേര്‍, ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്കുള്ള നിയമനം അടക്കം പോലീസ് മേധാവി നല്‍കിയ അപേക്ഷ സാമ്പത്തിക പ്രതിസന്ധിയാണെന്ന് കാട്ടി ആഭ്യന്തര, ധനവകുപ്പുകള്‍ തള്ളിക്കളഞ്ഞു.
484 ലോ ആന്‍ഡ് ഓര്‍ഡര്‍ പോലീസ് സ്‌റ്റേഷനുകളിലും രണ്ട് വീതം ടെലി കമ്മ്യൂണിക്കേഷന്‍ ഉേദ്യാഗസ്ഥരെ നിയോഗിക്കമെന്ന് പോലീസ് മേധാവിയായിരുന്ന അനില്‍കാന്ത് 2022 ആഗസ്ത് 27ന് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. അതിന് അധികമായി വേണ്ട 652 ടെലികമ്മ്യൂണിക്കേഷന്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്നും ശുപാര്‍ശ ചെയ്തു. അതും ധനവകുപ്പ് തിരിച്ചയച്ചു. പോലീസ് സേനയെ ശക്തിപ്പെടുത്താന്‍ വേണ്ട നിയമനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന്‍ 2023 ഡിസംബര്‍ 12ന് പോലീസ് മേധാവി എസ്പിമാര്‍ക്ക് അയച്ച കത്ത് ഒരുവര്‍ഷം കഴിയുമ്പോഴും വെളിച്ചം കണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: