Kerala

പിഎസ്‌സി നിയമനം ലഭിച്ച പുതിയ ക്ലര്‍ക്കുമാരെ തട്ടിക്കളിച്ച് പൊതുമരാമത്ത് വകുപ്പ് സ്ഥലംമാറ്റ ലിസ്റ്റ്

Published by

ചെങ്ങന്നൂര്‍: പിഎസ്‌സി നിയമനം ലഭിച്ച പുതിയ ക്ലര്‍ക്കുമാരെ തട്ടിക്കളിച്ച് പൊതുമരാമത്ത് വകുപ്പ്. ഭരണസൗകര്യാര്‍ത്ഥം എന്ന പേര് പറഞ്ഞ് പൊതു ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിനോടനുബന്ധിച്ച്, മറ്റൊരു തട്ടിക്കൂട്ട് ഉത്തരവ് പുറത്തിറക്കിയാണ് വകുപ്പിലെ ജൂനിയേഴ്‌സിനെ ഓടിക്കുന്നത്.

സ്വന്തക്കാരെ വിവിധ ജില്ലകളിലെ ഇഷ്ട ലാവണത്തില്‍ത്തന്നെ വര്‍ഷങ്ങളായി നിയമിച്ചാണ് ഈ ഒത്തുകളി. വകുപ്പ് കാര്യാലയത്തിലെ എസ്റ്റാബിഷ്‌മെന്റ് വിഭാഗത്തിന്റെ തിരിമറിയും ചില അഴിമതിയുമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.

നിലവിലുള്ള എല്‍ഡി ക്ലര്‍ക്ക് ലിസ്റ്റില്‍ നിന്ന് ഈയിടെ നിയമനം ലഭിച്ചവരെയാണ് ഇത്തരത്തില്‍ വ്യാപകമായി മാറ്റി നിയമിച്ചിരിക്കുന്നത്. ഭരണപക്ഷക്കാരും അവരോട് നല്ല ചായ്‌വ് കാണിക്കുന്നവരുമായ വിഭാഗക്കാരെ സ്വന്തക്കാരാക്കി ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിലനിര്‍ത്താനാണ് പുതിയ പിഎസ്‌സി നിയമനക്കാരെ സ്ഥലംമാറ്റുന്നത്. പൊതുമരാമത്തിന്റെ തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാനായി ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പറയുന്നത്.

നിലവിലുള്ള പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടിവന്ന്, രണ്ട് മുതല്‍ നാല് മാസം പോലും ഒരു ഓഫീസില്‍ ജോലി ചെയ്യാനാകാതെ ഇവരെ മാറ്റി നിയമിച്ചത് വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പില്‍ പ്രധാനമായും നാല് വിഭാഗങ്ങളാണ് ഉള്ളത്. റോഡ്‌സ്, ബില്‍ഡിങ്‌സ്, ബ്രിഡ്ജസ്, എന്‍എച്ച് എന്നിവയാണവ. ഇതില്‍ ഏതെങ്കിലും ഒന്നില്‍ നിയമനം ലഭിച്ചാല്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലുമാകാതെ ഒന്നും കാര്യമായി പഠിച്ചെടുക്കാനാകില്ല. ഈയിടെ ആദ്യമായി നിയമനം ലഭിച്ച് നാലുമാസം വരെ ആയവരെ, ഒരുവിഭാഗത്തില്‍ നിയമിച്ച് അതില്‍ ജോലി സംബന്ധമായ കാര്യങ്ങള്‍ പഠിച്ചുവരവെ യാതൊരു ബന്ധവുമില്ലാത്ത എന്‍എച്ചിന്റെ പ്രോജക്ട് വിഭാഗമായ കെഎസ്ടിപിയില്‍വരെ നിയമിച്ചാണ് തിരുവനന്തപുരം കേന്ദ്രമായ ലോബിയുടെ കളി.

പ്രമുഖ ഭരണാനുകൂല സംഘടനയാണ് ഇത്തരത്തില്‍ പുതിയതായി നിലവില്‍ വന്ന ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തെ പോലും അട്ടിമറിക്കുന്നത്. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നിലവില്‍വന്നിട്ടും ഇപ്പോഴും ട്രാന്‍സ്ഫര്‍ ഓര്‍ഡറില്‍ റിമാര്‍ക്‌സ് കോളത്തിലെഴുതിയും ഭരണസൗകര്യാര്‍ത്ഥത്തിന്റെ പേരിലും ഇത്തരം തിരിമറികള്‍ വ്യാപകമാണ്. ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക് സ്ഥലമാറ്റപ്പട്ടിക അഡ്ജസ്റ്റ് ചെയ്യാനാണ് ഈ തട്ടിക്കൂട്ടല്‍ എന്നതാണ് പരാതിക്കിടയാക്കിയത്.

ഇത്തരം പ്രവണത വളരെ കൂടുതല്‍ സംസ്ഥാനത്തെ വിവിധ ഡിപ്പാട്ട്‌മെന്റുകളിലെ ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക് സ്ഥലംമാറ്റ പട്ടികകളിലാണ്. മറ്റു തസ്തികളിലും ഉണ്ടെങ്കിലും താഴ്ന്ന തസ്തികക്കാരെയാണ് യൂണിയനും തിരുവനന്തപുരം തെക്കന്‍ലോബിയും നോട്ടമിടുന്നത്. മാത്രമല്ല വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ക്ലര്‍ക്ക് സ്ഥലംമാറ്റം ഏറെ വൈകി ഡിസംബറിലാണ് നടക്കുന്നത്. ജൂണ്‍മാസത്തില്‍ സ്‌കൂള്‍- കോളജ് അധ്യയനവര്‍ഷരാരംഭത്തിലാണ് യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ വകുപ്പുകളില്‍ ഇത്തരം ട്രാന്‍സ്ഫര്‍നടക്കേണ്ടത്. ഇതെല്ലാം അട്ടിമറിച്ചാണ് സുതാര്യമെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ അവകാശപ്പെടുന്ന ഇപ്പോഴത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക