ബെംഗളൂരു: സംസ്ഥാനത്ത് വഖഫ് ഭൂമിയിൽ നിർമിച്ച ക്ഷേത്രങ്ങൾ മാറ്റിസ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർഷകർ കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ വഖഫ് ഭൂമിയാണെങ്കില്‍ അവരെ ഒഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വഖഫ് സ്വത്ത് കൈയ്യേറിയ സ്‌കൂളുകള്‍, ക്ഷേത്രങ്ങള്‍, മുസ്‌ലിം ഇതര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാന്‍ തയ്യാറാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
സംസ്ഥാനത്ത് മൂന്നു കോടി ഏക്കര്‍ കൃഷി ഭൂമിയുണ്ടെന്ന് റവന്യു മന്ത്രി കൃഷ്ണ ബൈര്‍ ഗൗഡ നിയമസഭയെ അറിയിച്ചു. ഇതില്‍ 20,000 ഏക്കറിലാണ് തര്‍ക്കം നടക്കുന്നത്. ഇത് മൊത്തം കൃഷിഭൂമിയുടെ 0.006 ശതമാനം മാത്രമാണ്. നിലവിൽ ഒരു ലക്ഷം കര്‍ഷകരെ പോലും ബാധിക്കുന്ന വിഷയമല്ല. എന്നിട്ടും ബിജെപിയുടെ പ്രചാരണം മൂലം കര്‍ഷകരെല്ലാം ആശങ്കയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2004 മുതല്‍ നടത്തിയ പരിശോധനയില്‍ 9,800 വസ്തുക്കള്‍ വഖഫായി കണ്ടെത്തി. 11,204 കര്‍ഷകരാണ് ഈ ഭൂമി കൈയ്യേറിയിരുന്നത്. വഖഫ് സ്വത്തുമായി ബന്ധപ്പെട്ട് 1913ല്‍ ബ്രിട്ടീഷുകാരാണ് ആദ്യമായി നിയമമുണ്ടാക്കിയതെന്നും കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. കര്‍ണാടക വഖഫ് ബോര്‍ഡിന് സ്വന്തമായി 1.12 ലക്ഷം ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: