തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ മനോധൈര്യവും ആത്മവിശ്വാസവും ചോരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പോലീസുകാരാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്. ഇതോടെ എട്ടു വര്‍ഷത്തില്‍ സേനയില്‍ ആത്മഹത്യ ചെയ്തവര്‍ 139 ആയി. ജോലി മതിയാക്കി, സ്വയം വിരമിച്ചത് 284 പേരും.
അരീക്കോട് സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ വയനാട് സ്വദേശി ഹവില്‍ദാര്‍ വിനീത് സ്വയം വെടിവച്ച് ജീവിതം അവസാനിപ്പിച്ചത് മൂന്നു ദിവസം മുമ്പാണ്. 45 ദിവസം അവധിയില്ലാത്ത ജോലി, മേലുദ്യോഗസ്ഥരുടെ പീഡനം, കക്കൂസുവരെ കഴുകിച്ചു, കഠിനമായ ശിക്ഷ, തുടങ്ങിയവ സഹിക്കാനാകുന്നില്ലെന്നു കുറിച്ചുവച്ചാണ് വിനീത് ജീവിതം അവസാനിപ്പിച്ചത്. മാവോയിസ്റ്റുകളെ നേരിടാനുള്ള മാനസികാരോഗ്യ പരിശീലനം ഉള്‍പ്പെടെ നേടിയ സേനാംഗമാണ് ആത്മഹത്യയിലേക്കു പോയതെന്നത് സേനയെ ഒന്നടങ്കം ഞെട്ടിച്ചു. കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ച പിറവം രാമമംഗലം സ്‌റ്റേഷനിലെ ഡ്രൈവര്‍ സി. ബിജുവാണ് ഒടുവിലത്തെ ഇര. മക്കള്‍ പഠിച്ച് പോലീസല്ലാത്തൊരു നല്ല ജോലി വാങ്ങണമെന്ന് എഴുതിവച്ച് ആത്മഹത്യ ചെയ്ത മൂവാറ്റുപുഴയിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോബിദാസ് ഉള്‍പ്പെടെയുള്ള ഓരോ ആത്മഹത്യയുണ്ടാകുമ്പോഴും പുതിയ സര്‍ക്കുലറുകള്‍ ഇറക്കുന്നതല്ലാതെ ശാശ്വത പരിഹാരം കാണുന്നതില്‍ ആഭ്യന്തര വകുപ്പിനു ഗുരുതര വീഴ്ചയാണ്.
എട്ടു വര്‍ഷത്തില്‍ 139 പേര്‍ ആത്മഹത്യ ചെയ്തതില്‍ വലിയ ശതമാനവും മേലുദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്നാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ചെറിയൊരു ശതമാനംമാത്രമാണ് വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ളത്. എന്നാല്‍ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ 19 പേര്‍ക്കെതിരേ മാത്രമാണ് വകുപ്പുതല നടപടിയെങ്കിലുമുണ്ടായത്. സ്വയം വിരമിച്ച 284 പേരില്‍ 90 ശതമാനവും ജോലി സമ്മര്‍ദവും മാനസിക പീഡനവും കാരണം തന്നെയാണ് ജോലി അവസാനിപ്പിച്ചത്. 2023ല്‍ മാത്രം 70 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിആര്‍എസ് നല്കി. 2024ല്‍ ഇത് 72 ആയി. 37 അപേക്ഷകള്‍ ഇപ്പോഴും പരിഗണനയിലാണ്. ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് അസുഖ ബാധിതരായി ഡ്യൂട്ടിക്കിടെ മരിച്ചത് 410 പേരാണെന്നാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക