Article

നീതി നിഷേധിക്കപ്പെടുന്ന ജീവിതങ്ങള്‍

Published by

നൂറ്റാണ്ടുകളായി മനുഷ്യരക്തത്തിലും കണ്ണുനീരിലും വിയര്‍പ്പിലും വേരുകളാഴ്‌ത്തി തിടംവച്ച് വളര്‍ന്ന ജാത്യാധീശബോധത്തെ തകര്‍ത്താണ് കേരളം നവോത്ഥാനത്തിലേക്ക് കണ്ണുതുറന്നത്. അങ്ങേയറ്റം മനുഷ്യത്വരഹിതമായ വിവേചനങ്ങള്‍ക്ക് എതിരായ മഹാമുന്നേറ്റമായിരുന്നു കേരളത്തിലെ നവോത്ഥാനം. മനുഷ്യരുടെ മാത്രമല്ല സമസ്ത പ്രപഞ്ചത്തിന്റെയും സാരം ഒന്നെന്ന് സാക്ഷാത്കരിച്ച ആചാര്യന്മാരുടെ അദൈ്വതാനുഭൂതിയില്‍ നിന്നാണ് കേരളത്തിന്റെ നവോത്ഥാനം പിറവിയെടുത്തത്. എല്ലാവരും തുല്യരാണെന്ന് മാത്രമായിരുന്നില്ല, എല്ലാവരും ഒന്നാണെന്നു കൂടിയുള്ള പ്രപഞ്ചസത്യം ഉദ്‌ഘോഷിക്കുന്നതായിരുന്നു ആ മുന്നേറ്റം.

മാനവികതയുടെ മഹാഗാഥകള്‍ പാടിയ തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും ജാതി,അധികാര,പ്രഭുത്വ മേധാവിത്വത്തിനെതിരെ സൃഷ്ടിച്ച ബുദ്ധിപരമായ കലഹമാണ് പിന്നീട് 18-ാം നൂറ്റാണ്ട് മുതല്‍ 20-ാം നൂറ്റാണ്ട് വരെ നീണ്ടുനിന്ന കേരള നവോത്ഥാനത്തിന് അടിത്തറയായത്. മഹാഗുരുവിന്റെ നേതൃത്വത്തില്‍ ആ മുന്നേറ്റം ലക്ഷ്യപ്രാപ്തിയില്‍ എത്തുകയും ചെയ്തുവെന്ന് നാം അഭിമാനപൂര്‍വ്വം അവകാശപ്പെടുന്നു. മലയാളിയെന്നും കേരളമെന്നും അന്തസ്സോടെ പറയാന്‍ നമുക്ക് ഉള്‍ക്കരുത്തേകിയത് ഈ ബൗദ്ധിക നവോത്ഥാനമാണ്. എന്നാല്‍ നൂറ്റാണ്ടുകളിലൂടെ കേരളം നേടിയ ഈ മുന്നേറ്റത്തിന്റെ അഭിമാനാര്‍ഹമായ തിളക്കങ്ങളെല്ലാം റദ്ദു ചെയ്യുന്നതാണ് അടുത്തകാലത്ത് നടക്കുന്ന ചില സംഭവങ്ങള്‍.

ഒരിക്കല്‍ക്കൂടി വര്‍ണവെറിയുടെ ഇരയായി പാവപ്പെട്ട ഒരു വനവാസി യുവാവ് ക്രൂരമായി വേട്ടയാടപ്പെട്ടിരിക്കുന്നു. നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ, നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തില്ലേ- എന്ന കവി വാക്യം കേരള സമൂഹത്തിന്റെ മനസ്സാക്ഷിയോടുള്ള ചോദ്യമായി മാറ്റൊലികൊള്ളുന്നു.

ഓടുന്ന കാറില്‍ കൈ കുടുക്കിയിട്ട് അര കിലോമീറ്ററോളം വലിച്ചിഴയ്‌ക്കപ്പെട്ട ഒരു കറുത്ത മനുഷ്യനാണ് ഇന്ന് കേരളത്തിന്റെ മുഖം. തൊലി അടര്‍ന്നുപോയ ശരീരത്തില്‍ നിന്ന് പൊടിഞ്ഞു വീഴുന്ന രക്തത്തുള്ളികള്‍, റോഡില്‍ ഉരഞ്ഞും തല്ലിത്തെറിച്ചും തകര്‍ന്ന തലയോട്, റോഡിലുരഞ്ഞ് മുറിഞ്ഞു പോവാറായ പാദങ്ങള്‍, മരണഭയത്തില്‍ തുറിച്ചകണ്ണുകള്‍- ഈ ചിത്രങ്ങള്‍ ഇനി എത്രകാലം മലയാളിയുടെ മനസ്സാക്ഷിയെ വേട്ടയാടും. എങ്ങനെ നമുക്കിനി പറയാനാകും, അഭിമാനത്തോടെ മലയാളിയാണെന്ന്; കേരളീയനാണെന്ന്; ഗുരുദേവന്റെ നാട്ടുകാരനാണെന്ന്; പിന്‍ഗാമിയാണെന്ന്.

നാം നേടിയെന്നു കരുതിയ മുന്നേറ്റങ്ങളെല്ലാം റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. മധ്യകാലഘട്ടത്തിലെ ഇരുട്ടുനിറഞ്ഞ ഗോത്ര കലാപങ്ങളുടെ മാനസിക വ്യാപാരങ്ങളാണ് നമ്മുടെ സമൂഹത്തില്‍ ഇന്നും ഏറെ പേരെയും ഭരിക്കുന്നതെന്ന സത്യം തിരിച്ചറിയപ്പെടുന്നു. വര്‍ത്തമാനകാല കേരളം തുറന്നു കാണിക്കപ്പെടുന്ന നിമിഷങ്ങളാണിത്. ക്യാമറകള്‍ ഒപ്പിയെടുത്ത ആ ക്രൂര പീഡന ദൃശ്യം വര്‍ഷങ്ങളോളം കേരളത്തിന്റെ സാംസ്‌കാരിക മനസ്സിനെ വേട്ടയാടും.

മാനന്തവാടിയിലെ മാതന്‍ എന്ന ആ യുവാവിന് നേരിടേണ്ടിവന്നത് ഒറ്റപ്പെട്ട ആക്രമണമല്ല എന്നിടത്താണ് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നത്.

മദ്യപിച്ച് ലക്കുകെട്ട ചിലരോ, മനുഷ്യനാണെന്ന് സ്വയം തിരിച്ചറിയാനാകാത്ത ചിലരോ ചെയ്ത ഒറ്റപ്പെട്ട ക്രൂരകൃത്യം എന്ന് കരുതി ലഘൂകരിക്കാനാവാത്ത വിധം കേരളത്തില്‍ പലയിടത്തും സമാനമായ സംഭവങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അദൈ്വതവും ഗാന്ധിസവും സോഷ്യലിസവും കമ്യൂണിസവും ബൗദ്ധികമായി ഏറെ സ്വാധീനിച്ച മണ്ണാണ് കേരളം. എങ്കിലും ജാതിബോധത്തിന്റെ അധമ വികാരങ്ങള്‍ ഇന്നും നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ തുടരുന്നു എന്നതിന്റെ തിരിച്ചറിവുകളാണ് ഇത്തരം സംഭവങ്ങള്‍ ഓരോന്നും. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അട്ടപ്പാടിയിലെ മധുവിനെ നമുക്ക് നഷ്ടമായത്.

വിശക്കുന്ന മനുഷ്യനു മുന്നില്‍ ഈശ്വരന്‍ ആഹാരമായി പ്രത്യക്ഷപ്പെടും എന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. മനസ്സിന്റെ താളം തെറ്റിയ മധുവിന് വിശപ്പിന്റെ കാഠിന്യം സഹിക്കാനാകാതെ വന്നതോടെയാണ് ഒരു പിടി അരി എടുത്ത് കഞ്ഞിവെച്ച് കുടിക്കാന്‍ തോന്നിയത്.

ആ ഒരു പിടി അരിയുടെ പേരിലാണ് പ്രബുദ്ധ കേരളത്തിലെ അഭ്യസ്തവിദ്യരായ ഒരു കൂട്ടം, ആള്‍ക്കൂട്ട വിചാരണ നടത്തി മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. കൈകള്‍ പിന്നിലേക്ക് വലിച്ചു കെട്ടി മര്‍ദ്ദനത്തിന് ഇരയാക്കുമ്പോഴും നിഷ്‌കളങ്ക ഭാവത്തോടെ ചിരിച്ചുകൊണ്ടിരുന്ന മധുവിന്റെ മുഖം എത്ര നൂറ്റാണ്ട് കഴിഞ്ഞാലാണ് കേരളത്തിന് മറക്കാനാവുക. സ്‌നേഹത്തോടെ ഒരുപിടി അന്നം കൊടുത്ത് ചേര്‍ത്തുനിര്‍ത്തേണ്ട സ്വന്തം നാട്ടുകാരാണ് ആ യുവാവിനെ തല്ലിക്കൊന്നത്. എണ്ണിയാല്‍ തീരാത്തവണ്ണം ഇരകളാക്കപ്പെടുന്നവരുടെ ഈ കണക്കുകള്‍ പെരുകുന്നു. നീതിബോധം നഷ്ടപ്പെടുന്ന ഒരു ജനതയായി കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.

മാതനും മധുവും പിന്നെ പേരുള്ളവരും പേരറിയാത്തവരുമായ ഒരുപാട് കറുത്ത മനുഷ്യര്‍ ഇവിടെ വേട്ടയാടപ്പെടുന്നു. മതത്തിന്റെയോ വര്‍ണ്ണത്തിന്റെയോ പേരില്‍ ഒരുതരത്തിലുമുള്ള വിവേചനവും അരുതെന്ന നിയമം നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. ജീവിത നേട്ടങ്ങളത്രയും ഇന്നാട്ടിലെ പരമ ദരിദ്രര്‍ക്കായി സമര്‍പ്പിച്ച മഹാമനീഷി ബാബാ റാവു അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭാരത ഭരണഘന ഉറപ്പുനല്കുന്ന മൗലികാവകാശമാണത്. ഓരോ പൗരനും അഭിമാനബോധത്തോടെ ജീവിക്കാനുള്ള അവകാശപത്രിക. പണമോ വിദ്യാഭ്യാസമോ സാമൂഹ്യ പദവികളോ ഇവിടെ ഒരാളെയും വലിയവനോ ചെറിയവനോ ആക്കുന്നില്ല. ഭരണഘടനയ്‌ക്ക് മുന്നില്‍ എല്ലാവരും തുല്യരാണ്. അതിനര്‍ത്ഥം വരേണ്യ ബോധത്തിന്റെ മൂശയ്‌ക്കുള്ളില്‍ വാര്‍ത്തെടുക്കപ്പെട്ട അധികാര പ്രമത്തത എന്നത് നിയമവിരുദ്ധമായ അശ്ലീലമാണെന്ന് തന്നെയാണ്. പ്രബുദ്ധ മാനവികതയ്‌ക്ക് വെല്ലുവിളിയാകുന്ന ഇത്തരം അശ്ലീലങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് വേരോടെ പിഴുതെറിയുക തന്നെ വേണം. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കും ഭരണസംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഇത്തരം സംഭവങ്ങളില്‍ മാതൃകാപരമായ നടപടി കൈക്കൊള്ളാന്‍ കഴിയുന്നില്ല എന്നതും നടുക്കമുളവാക്കുന്ന സംഗതിയാണ്.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി നിയോഗിക്കപ്പെട്ട മന്ത്രിയുടെ നാട്ടിലാണ് മാതന് നിന്ദ്യവും ക്രൂരവുമായ ഈ ആക്രമണം നേരിടേണ്ടി വന്നത്. ഇനി ഒരിടത്തും ഈ മനുഷ്യത്വ വിരുദ്ധത ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ പോലും നമ്മുടെ ഭരണകൂടം പരാജയപ്പെട്ടു പോകുന്നിടത്താണ് മലയാളിയുടെ ധാര്‍മികത നിസ്സഹായമായി മാറുന്നത്.

ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളെ സംരക്ഷിക്കാനും നീതി നിഷേധങ്ങള്‍ക്കെതിരെ സംരക്ഷണകവചം ഒരുക്കാനും ബാധ്യതയുള്ള ഭരണകൂടവും ഇവിടെ പ്രതിസ്ഥാനത്താണ്. ഓരോ സംഭവങ്ങളും ആവര്‍ത്തിക്കപ്പെടുമ്പോഴും ഉയരുന്ന ധാര്‍മിക നിലവിളികള്‍ക്ക് അല്‍പായുസ്സ് മാത്രമായി പോകുന്നത് ഭരണകൂടത്തിന്റെ ഈ നിസംഗത കൊണ്ടു കൂടിയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by