World

റഷ്യന്‍ സൈനിക ജനറലിന്റെ കൊല: ഉസ്ബക്കിസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

Published by

മോസ്‌കോ: റഷ്യന്‍ സൈനിക ജനറലിന്റെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. 29കാരനായ ഉസ്ബക്കിസ്ഥാന്‍ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തതെന്ന് റഷ്യന്‍ സെക്യൂരിറ്റി സര്‍വീസ് അറിയിച്ചു. സൈനിക ജനറലിനെ കൊല്ലാനായി ഉക്രൈന്‍ വാടകയ്‌ക്കെടുത്ത കൊലയാളിയാണ് ഇയാളെന്നാണ് സംശയം.

ചൊവ്വാഴ്ച രാവിലെയാണ് റഷ്യയുടെ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവും സഹായിയും കൊല്ലപ്പെട്ടത്. താമസസ്ഥലത്തിന് പുറത്ത് നടന്ന സ്‌കൂട്ടര്‍ ബോംബ് സ്ഫോടനത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

സ്ഫോടനത്തിന്റെ വീഡിയോ പുറത്തുവന്നു. സമീപത്തെ സുരക്ഷാ ക്യാമറയിലാണ് ഇതിന്റെ ദൃശ്യം പതിഞ്ഞത്. അപ്പാര്‍ട്ട്മെന്റില്‍ നിന്നും രണ്ടുപേര്‍ പുറത്തിറങ്ങുന്നതും നിമിഷങ്ങള്‍ക്കകം സ്ഫോടനമുണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ചിരുന്ന ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് പൊട്ടിച്ചത് എന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കിറില്ലോവ് വധത്തിന്റെ ഉത്തരവാദിത്തം ഉക്രൈന്‍ ഏറ്റെടുത്തിരുന്നു. പ്രത്യേക ദൗത്യത്തിലൂടെ ഉക്രൈന്‍ സെക്യൂരിറ്റി സര്‍വീസാണ് കിറില്ലോവിനെ വധിച്ചതെന്ന് ഉക്രൈനിന്റെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉക്രൈനെതിരെ നിരോധിക്കപ്പെട്ട രാസായുധങ്ങള്‍ പ്രയോഗിച്ചു എന്ന കുറ്റം ചുമത്തിയതിന് പിന്നാലെയാണ് കിറില്ലോവ് കൊല്ലപ്പെടുന്നത്. ഉക്രൈനിയന്‍ പ്രോസിക്യൂട്ടര്‍മാരാണ് തിങ്കളാഴ്ച കിറില്ലോവിനെതിരെ കുറ്റം ചുമത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by