ന്യൂദൽഹി : അതിർത്തി പ്രശ്‌നത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി വിപുലമായ ചർച്ച നടത്തിയതിനെ പ്രകീർത്തിച്ച് വിദേശകാര്യ മന്ത്രാലയം. ന്യൂദൽഹിയും ബെയ്ജിംഗും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് നിയന്ത്രണരേഖയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഡോവൽ ഊന്നിപ്പറഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി.
സ്പെഷ്യൽ റെപ്രസൻ്റേറ്റീവ് (എസ് ആർ ) ഡയലോഗിന്റെ ചട്ടക്കൂടിന് കീഴിലുള്ള ചർച്ചകൾ ഇന്നലെയാണ് ബെയ്ജിംഗിൽ നടന്നത്. ഡോവലും വാങ്ങും അതിർത്തി ചർച്ചകൾക്കുള്ള പ്രത്യേക പ്രതിനിധികളായാണ് ഇന്നലെ ചർച്ചയിൽ പങ്കെടുത്തത്.
“അതിർത്തി പ്രശ്നം പരിഹരിക്കുന്നതിന് ന്യായവും യുക്തിസഹവും പരസ്പര സ്വീകാര്യവുമായ ചട്ടക്കൂട് തേടുമ്പോൾ മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ രാഷ്‌ട്രീയ വീക്ഷണം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ആവർത്തിച്ചു, ഈ പ്രക്രിയയിൽ കൂടുതൽ ഊർജ്ജസ്വലത പകരാൻ തീരുമാനിച്ചു,” -വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു.
ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിന്റെ മൊത്തത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിന് അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തിന് ഡോവലും വാങ്ങും അടിവരയിട്ടതായി മന്ത്രാലയം പറയുന്നു. 2020 ലെ അതിർത്തിയിലെ ഏറ്റുമുട്ടൽ സംഭവങ്ങൾ വിലയിരുത്തി നിയന്ത്രണ രേഖയിൽ സമാധാനം നിലനിർത്തുന്നതിന് ഫലപ്രദമായ പരിഹാരം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വിവിധ നടപടികളെക്കുറിച്ച് അവർ ചർച്ച ചെയ്തതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കൂടാതെ ഈ ലക്ഷ്യത്തിനായി നയതന്ത്ര, സൈനിക സംവിധാനങ്ങൾ ഉപയോഗിക്കാനും ഏകോപിപ്പിക്കാനും നയിക്കാനും അവർ തീരുമാനിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക