Kerala

ചേര്‍ത്തലയില്‍ സ്വകാര്യബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നിലിടിച്ച് 25 ഓളം പേര്‍ക്ക് പരിക്ക്

പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ചേര്‍ത്തല പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ അഞ്ച് വിദ്യാത്ഥിനികള്‍ക്കും ഒരു ആണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്

Published by

ആലപ്പുഴ: നിയന്ത്രണം വിട്ട സ്വകാര്യബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ചേര്‍ത്തല വയലാര്‍ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.പരിക്കേറ്റവരില്‍ ആറോളം വിദ്യാര്‍ത്ഥികളും, അധ്യാപകരും ഉള്‍പ്പെടുന്നു.

പരിക്കേറ്റവരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

എറണാകുളത്ത് നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന ആശീര്‍വാദ് എന്ന സ്വകാര്യ ബസാണ് ലോറിക്ക് പിന്നിലിടിച്ചത്.എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട ബസ് കാലിത്തീറ്റ ഇറക്കികൊണ്ടിരുന്ന ലോറിയ്‌ക്ക് പിന്നില്‍ ഇടിയ്‌ക്കുകയായിരുന്നു.

പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്‌ക്ക് മടങ്ങുകയായിരുന്ന ചേര്‍ത്തല പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ അഞ്ച് വിദ്യാത്ഥിനികള്‍ക്കും ഒരു ആണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
സാരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്കും, ഒരാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്കും മാറ്റി. പാതിരാപ്പള്ളി, പുത്തന്‍പുരയ്‌ക്കല്‍ മൈക്കിള്‍ (80), തൈക്കല്‍ പള്ളി പറമ്പ് മറിയാമ്മ (50), പട്ടണക്കാട് വാതാ പറമ്പില്‍ തങ്കച്ചി (53) എന്നിവരെയാണ് വിദഗ്ധ ചികിത്സയ്‌ക്കായി കൊണ്ടു പോയത്.

ബസിന്റെ ഡ്രൈവര്‍ തണ്ണീര്‍മുക്കം സ്വദേശി കെ. ജെ ജോസഫിനെതിരെ ചേര്‍ത്തല പൊലീസ് കേസെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by