കോമേഴ്സ് ബിരുധാരികൾക്ക് യു എസ് അക്കൗണ്ടിംഗ് മേഖലയിൽ
സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (CPA) രംഗത്തേക്ക് കൊമേഴ്‌സ് ബിരുദധാരികൾക്ക് എത്തിപ്പെടുവാൻ അവസരമൊരുക്കുകയാണ് അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും. ഇന്ത്യയിലെ ചാർട്ടഡ് അക്കൗണ്ടന്റിന് സമാനമായ അമേരിക്കയിലെ പ്രൊഫഷണൽ യോഗ്യതയാണ് CPA. കൊമേഴ്‌സ് ബിരുദധാരികൾക്ക് ഉയർന്ന ശമ്പളത്തോടു കൂടി ഏറെ തൊഴിൽ സാധ്യതയുള്ള മേഖലയാണിത്.
CPA പ്രൊഫഷണലിസിന് നിലവിൽ ശരാശരി വാർഷിക ശമ്പളം 12 മുതൽ 18 ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. കൊമേഴ്‌സ് ബിരുദധാരികൾക്ക് CPA പരീക്ഷാ പരിശീലനത്തോടുകൂടിയ യു.എസ്. ജനറലി അക്‌സപ്റ്റഡ് അക്കൗണ്ടിംഗ് പ്രിൻസിപ്പിൾസിൽ (GAAP) ഒരു വർഷം ദൈർഘ്യമുള്ള PG Diploma കോഴ്‌സാണ് അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആരംഭിക്കുന്നത്. ഡിപ്ലോമ വഴി CPA പരീക്ഷയ്‌ക്കുള്ള പരിശീലനം പൂർത്തിയാകുന്നതിലൂടെ പരമാവധി ലഭിക്കുന്ന 35 അധിക അക്കാദമിക് ക്രെഡിറ്റ് കൂടി ചേരുമ്പോൾ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് (AICPA) അംഗീകൃത സി.പി.എ. പരീക്ഷ എഴുതാനുള്ള അമേരിക്കൻ ഗവണ്മെന്റ് നിഷ്‌കർഷിക്കുന്ന യോഗ്യത നേടാൻ കഴിയും. ഈ കോഴ്‌സ് പൂർത്തിയാകുന്നതുവഴി ഇന്ത്യയിലും അമേരിക്കയിലും ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ലഭിക്കുന്നതാണ്. മികച്ച അദ്ധ്യാപകർ നേതൃത്വം നൽകുന്ന ഈ കോഴ്‌സ് പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്ക് ബഹുരാഷ്‌ട്ര കമ്പനികളിൽ പ്ലേയ്‌സ്‌മെന്റ് നേടുവാനുള്ള അവസരങ്ങൾ ലഭിക്കും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിശീലനത്തിന് ധാരണയാകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9745083015/ 9495999706.
സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ്
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്- www.cmfri.org.in.
ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള ചരിത്ര ഗവേഷണ കൗൺസിൽ പുരാവസ്തു ഗവേഷണം, മ്യൂസിയം ക്യൂറേറ്റ് ചെയ്യൽ തുടങ്ങിയ മേഖലകളിൽ അറിവുനേടുന്നതിന് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പുരാവസ്തു ശാസ്ത്രം, ചരിത്രം, മ്യൂസിയം പഠനങ്ങൾ, സാംസ്‌കാരിക പൈതൃക പഠനങ്ങൾ എന്നിവകളിൽ താൽപ്പര്യമുള്ളവർക്ക് ജനുവരി 6 വരെ കെ.സി.എച്ച്.ആർ വൈബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kchr.ac.in.
ഫോട്ടോകൾ ക്ഷണിച്ചു
അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീർതടങ്ങളുടെ (റാംസർ സൈറ്റുകളുടെ) ഫോട്ടോ പ്രദർശനത്തിലേക്ക് ഫോട്ടോകൾ ക്ഷണിച്ചു. വ്യക്തിഗത ഫോട്ടോഗ്രാഫർമാർക്ക് https://eu.jotform.com/form/242451730622348 ലിങ്കിലൂടെ ഫോട്ടോകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://www.ramsar.org/invitation-submissions-ramsar-sites-photo-exhibition-cop15.
ഇന്റേൺഷിപ്പ് : അപേക്ഷ ക്ഷണിച്ചു
കേരള നോളജ് എക്കണോമി മിഷൻ 4000-ലധികം സർക്കാർ, സ്വകാര്യ ഇന്റേൺഷിപ്പ് ഒഴിവുകളിലേക്ക് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം (DWMS) വഴി അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലെ നൂറോളം സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളായ കെമിക്കൽ എക്സാമിനർ ലബോറട്ടറിയും, KIED, KCAV എന്നീ സ്ഥാപനങ്ങളിലുമാണ് ഒഴിവുകൾ. ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു സൗജന്യമായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.knowledgemission.kerala.gov.in. ഇ-മെയിൽ : seed@kdisc.kerala.gov.in.
അഭിമുഖം
യുവജന കമ്മീഷൻ ഓഫീസിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ഓഫീസ് അറ്റന്റന്റ് തസ്തികകളിലേക്ക് അഭിമുഖം നടത്തും. ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താംക്ലാസ് പാസായിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും ഉണ്ടായിരിക്കണം. ഡ്രൈവിംഗിൽ മുൻപരിചയം അഭികാമ്യം. ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസായിരിക്കണം. ഡിസംബർ 21 ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്താണ് അഭിമുഖം. ഡ്രൈവർ കം അറ്റൻഡർ തസ്തികയുടെ രജിസ്ട്രേഷൻ രാവിലെ 8 മുതൽ 9 വരെയും ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള രജിസ്ട്രേഷൻ ഉച്ചയ്‌ക്ക് 12.30 മുതൽ 1.30 വരെയും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2308630.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഓവർസീയർ ഗ്രേഡ് II (സിവിൽ) (കാറ്റഗറി നം. 10/2023) തസ്തികയുടെ ഡിസംബർ 4ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 6, 7 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 10.30 മുതൽ നടക്കും. ചുരുക്ക പട്ടികയിലെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിൽ ആയിരിക്കും വെരിഫിക്കേഷൻ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകണം. ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കു ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ ”ദേവജാലിക’ പ്രൊഫൈലിൽ നൽകിയിട്ടുള്ള രജിസ്റ്റേർഡ് മൊബൈൽ നമ്പരിലേക്ക് എസ്.എം.എസ് മുഖേനയും അയക്കും. ജനുവരി 1 വരെ എസ്.എം.എസ് അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ അടിയന്തരമായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമായി ബന്ധപ്പെടണം.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ എം.എം.വി. ട്രേഡിൽ എസ്.ഐ.യു.സി.എൻ വിഭാഗത്തിനും സി.എച്ച്.എൻ.എം ട്രേഡിൽ ഈഴവ വിഭാഗത്തിനും വെൽഡർ ട്രേഡിൽ ഒ.ബി.സി, ഒ.സി വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 27 ന് നടത്തുന്നു. എം.എം.വി, സി.എച്ച്.എൻ.എം ട്രേഡുകളിൽ യഥാക്രമം രാവിലെ 10.30, 11.30 നും വെൽഡർ ട്രേഡിൽ ഉച്ചയ്‌ക്ക് 2 നും അഭിമുഖം നടത്തും. യോഗ്യത സംബന്ധിച്ച വിവരങ്ങൾ www.cstaricalcutta.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.
ക്വട്ടേഷൻ ക്ഷണിച്ചു
എൽ.ബി.എസ്.ഐ.ടി.ഡബ്ല്യു പൂജപ്പുര ക്യാമ്പസിലുള്ള കെട്ടിടങ്ങളുടെ മുകളിലും വശങ്ങളിലുമുള്ള ചെടികൾ, മരങ്ങൾ എന്നിവ വൃത്തിയാക്കുന്നതിനു ബന്ധപ്പെട്ട വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. വീണ്ടും കിളിർക്കാത്ത രീതിയിൽ രാസപ്രയോഗം നടത്തി വേണം ജോലി പൂർത്തിയാക്കാൻ. ക്വട്ടേഷൻ സമർപ്പിക്കുമ്പോൾ ഹോസ്റ്റൽ ബിൽഡിങ്ങിന് വേറെ ക്വട്ടേഷനും മറ്റുള്ളവ വേറെ ക്വട്ടേഷനും പ്രത്യേകം കവറിൽ സമർപ്പിക്കണം. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31 ഉച്ചയ്‌ക്ക് 12 മണി. നിശ്ചിത മാതൃകയിൽ 1000 രൂപയുടെ നിരതദ്രവ്യം സഹിതം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2343395, 2349232.
ഹെൽത്ത് കെയർ കോഴ്സുകൾ
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ കുറഞ്ഞ ഫീസിൽ ഹെൽത്ത് കെയർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ കേന്ദ്രീകരിച്ചുള്ള ഒരു വർഷത്തെ ഓഫ് ലൈൻ കോഴ്സായ ആയുർവേദ തെറാപ്പി, ആറുമാസത്തെ ഓൺലൈൻ കോഴ്സായ മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ആയുർവേദ തെറാപ്പി കോഴ്‌സിലേക്കും ബിരുദധാരികൾക്ക് മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്‌സിലേക്കും അപേക്ഷിക്കാം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സഹായം ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in സന്ദർശിക്കുക. ഫോൺ : 9495999741.
ഒഴിവ്
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ എൽ.പി.എസ്.ടി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ചപരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. ടി.ടി.സി/ ഡി.എഡ്/ ഡി.എൽ.എഡ് ആണ് യോഗ്യത. യോഗ്യതാ പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി 18-40 വയസ്. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 24ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
ബി.എസ്‌സി പാരാമെഡിക്കൽ സ്‌പോട്ട് അലോട്ട്‌മെന്റ്
2024-25 അദ്ധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 20 ന് എൽ.ബി.എസ്സ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 മണിയ്‌ക്കകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ ഈ സ്‌പോട്ട് അലോട്ട്‌മെന്റിനുവേണ്ടിയുള്ള നിരാക്ഷേപപത്രം ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് ഒടുക്കി ഡിസംബർ 23 നകം കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2560363, 364.
വനഗവേഷണ സ്ഥാപനത്തിൽ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെലോയുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തും. ഡിസംബർ 23 രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം. വിശദവിവരങ്ങൾക്ക് : www.kfri.res.in.
എം.ഫാം: താത്ക്കാലിക ലിസ്റ്റ്
2024-25 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനത്തിനായുളള മോപ് അപ് അലോട്ട്‌മെന്റിന്റെ താത്ക്കാലിക ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.
സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
2024 വർഷത്തെ ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്‌ക്കുള്ള നാലാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഹോം പേജിൽ നിന്ന് അലോട്ട്‌മെന്റ് മെമ്മോ പ്രിന്റ് എടുക്കാം. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്/കോളേജിൽ ഡിസംബർ 20ന് ഉച്ചയ്ക് 12 മണിക്ക് മുമ്പായി പ്രോസ്‌പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്‌മെന്റ് റദ്ദാകും. ഫോൺ: 0471 2525300.
ബി.ഫാം: പ്രവേശന പരീക്ഷാ ജനുവരി 5ന്
കേരളത്തിലെ വിവിധ സർക്കാർ/സ്വകാര്യ ഫാർമസി കോളേജുകളിലെ 2024-25 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്‌ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ജനുവരി 5ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടക്കും. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2525300.
എൽ.എൽ.എം: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്‌ക്കും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും 2024-25 ലെ എൽ.എൽ.എം കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും അവരുടെ അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ് ഖണ്ഡിക 19 ൽ പറയുന്ന അസ്സൽ രേഖകളും സഹിതം ഡിസംബർ 21ന് വൈകിട്ട് 4 മണിവരെ വരെ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. ഫോൺ: 0471 2525300.
സർട്ടിഫിക്കറ്റ് പരിശോധന
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (കാറ്റഗറി നം. 14/2023), ക്ലർക്ക് (ബൈട്രാൻസ്ഫർ)(കാറ്റ. നം. 15/2023), ക്ലർക്ക്(എൻ.സി.എ – വിശ്വകർമ്മ) (കാറ്റ. നം 23/2023) തസ്തികകളുടെ ഡിസംബർ 4 ന് പ്രസിദ്ധീകരിച്ച സാധ്യത പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 1, 3 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 10.30 മണി മുതൽ നടക്കും. സാധ്യതാ പട്ടികയിലെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിൽ ആയിരിക്കും വെരിഫിക്കേഷൻ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകണം. “ദേവജാലിക” രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് മുഖേനയും അയക്കാം. ഡിസംബർ 27 വരെ എസ്എംഎസ് അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർഥികൾ അടിയന്തരമായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമായി ബന്ധപ്പെടണം.
യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം
സർക്കാർ/എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികളിൽനിന്ന് ജനസംഖ്യാനുപാതികമായി ”യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ്” പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത 12 സ്ഥാപനങ്ങൾ മുഖാന്തിരമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായമുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ടവരും ബിരുദാനന്തര ബിരുദ ഒന്നാം വർഷ പരീക്ഷയിൽ 55% മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരും ബിരുദാനന്തര ബിരുദം 55% മാർക്കോടെ പൂർത്തിയാക്കിയവർക്കുമാണ് പരിശീലത്തിന് അർഹത. ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികളെ പ്രത്യേകം പരിഗണിച്ചു കൊണ്ടും കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലുമാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ എ.പി.എൽ വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവരെയും പരിഗണിക്കും. www.minoritywelfare.kerala.gov.in വകുപ്പ് വെബ്സൈറ്റിലും തെരഞ്ഞെടുത്ത കോച്ചിംഗ് സ്ഥാപനങ്ങളുടെ വിവരങ്ങളും അപേക്ഷ ഫോമും ലഭ്യമാണ്. പരിശീലനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടോ തപാൽ മുഖാന്തിരമോ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്‌സ് കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 23. കൂടുതൽ വിവരങ്ങൾക്ക് കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാം.
ടെക്‌നിക്കൽ ട്രെയ്നർ എംപാനൽമെന്റ്
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ടെക്‌നിക്കൽ ട്രെയ്നർ എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. ഐടി, ഇലക്ട്രോണിക്‌സ്, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് മേഖലകളിലേക്കാണ് ടെക്‌നിക്കൽ ട്രെയ്നിർമാരെ ആവശ്യമുള്ളത്. മണിക്കൂറിന് 500 രൂപമുതൽ 1,500 രൂപവരെയാണ് വേതനം. ഒഴിവുകൾ, യോഗ്യത എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദർശിക്കുക. ഡിസംബർ 20 വൈകിട്ട് 5 നു മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം
ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) വനിതകൾക്കായുള്ള ഡിപ്ലോമ ഇൻ മൾട്ടി സ്കിൽ ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ്ടു ആണ്. ഉയർന്ന പ്രായപരിധി 30 വയസ്. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468, 2339178, 2329539, 2329539, 9446329897.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാംക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 2024-25 അധ്യയന വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ 31 വരെ സ്വീകരിക്കും. അപേക്ഷാ ഫോം അതാതു ജില്ലാ ഓഫീസിലും www.kmtwwfb.org യിലും ലഭിക്കും.
തേനീച്ച വളർത്തൽ പരിശീലനം
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന 6 മാസം ദൈർഘ്യമുള്ള തേനീച്ച വളർത്തൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് khadi.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. 30000 രൂപയാണ് ഫീസ്. ഫീൽഡ് ട്രെയിനിങ്ങിനു ചിലവാകുന്ന അധിക തുക അപേക്ഷകർ വഹിക്കണം. അപേക്ഷാ ഫീസായി 50 രൂപ ഓൺലൈനായി അടയ്‌ക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 28. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8089530650.
സൗജന്യ ലാപ്ടോപ് : അപേക്ഷ ക്ഷണിച്ചു
2024-25 അധ്യയന വർഷത്തിൽ ദേശീയ സംസ്ഥാന തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ നിന്നും സൗജന്യ ലാപ്ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: kmtwwfb.org.
എസ്.എസ്.എൽ.സി പരീക്ഷ: രജിസ്ട്രേഷൻ ആരംഭിച്ചു
2025 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്കൂളിൽനിന്നും രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. സമ്പൂർണ ലോഗിനിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ഡിസംബർ 31ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ മാറ്റം അനുവദിക്കില്ല.
സ്പെഷ്യൽ റിവാർഡ്: 31 വരെ അപേക്ഷിക്കാം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ റിവാർഡിന് ഡിസംബർ 31 വരെ അപേക്ഷിക്കാം. സംസ്ഥാന ദേശീയ തലത്തിൽ കലാകായിക അക്കാദമിക് രംഗങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്ക് അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471-2475773.
കെൽട്രോൺ കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളിൽ അഡ്മിഷൻ ആരംഭിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മൈന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളോജിസ്, സർട്ടിഫിക്കറ്റ് കോഴ്‌സായ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈൻ, ഗ്രാഫിക്‌സ് ആൻഡ് വിശ്വൽ എഫക്ട് കോഴ്‌സുകളിലാണ് പ്രവേശനം. ഫോൺ: 0471-2325154, 85906 05260.
യൂത്ത് ഐക്കൺ അവാർഡിന് അപേക്ഷിക്കാം
കേരള സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് (2024-25) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം / സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ച യുവജനങ്ങളെയാണ് പരിഗണിക്കുന്നത്. അവാർഡിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേർക്കാണ് അവാർഡ് നൽകുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയുടെ ക്യാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും. നിർദേശങ്ങൾ ksycyouthicon@gmail.com മെയിലിൽ അറിയിക്കുക. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ നേരിട്ടും നിർദേശങ്ങൾ നൽകാം. അപേക്ഷകൾ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക്: 0471-2308630.
—
പ്രതികരിക്കാൻ ഇവിടെ എഴുതുക