ഗ്വാളിയോർ: രാജ്യത്ത് ആദ്യമായി ഒരു ഗോശാല വിവാഹ വേദിയാകുന്നു. ജനുവരി 22ന് നടക്കുന്ന ആദ്യ വിവാഹത്തിനായി 20 ലക്ഷം രൂപ ചെലവിൽ ഒരു സാംസ്കാരിക പവലിയൻ നിർമിച്ചുകഴിഞ്ഞു. പശുത്തൊഴുത്തിൽ നടക്കുന്ന വിവാഹത്തിന് പ്രത്യേക രീതികൾ നിഷ്കർഷിച്ചിട്ടുണ്ട്. ഗ്വാളിയോറിലെ ആദർശ് ഗോശാലയാണ് ഡെസ്റ്റിനേഷൻ വിവാഹത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതോനോടകം പത്തോളം വിവാഹങ്ങൾക്ക് ബുക്കിങ്ങ് ലഭിച്ചു കഴിഞ്ഞു.
പരമ്പരാഗതവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ വിവാഹം കഴിക്കാനുള്ള അവസരമാണ് ആദർശ് ഗോശാല ദമ്പതികൾക്ക് വാഗ്ദാനം ചെയ്യുന്നത്. വൈദ്യുതി ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ കുറയ്‌ക്കുന്നതിന്റെ ഭാഗമായി പകല്‍നേരത്തായിരിക്കും ഗോശാലയില്‍ വിവാഹം നടത്തുക. അതിഥികൾ ഭക്ഷണത്തിന് മുമ്പ് പശുക്കൾക്ക് ഭക്ഷണം നൽകണമെന്നത് നിർബന്ധമാണ്. വിവാഹം നടത്തുന്ന കുടുംബങ്ങൾ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിന് മുമ്പ് പശുക്കൾക്ക് പച്ചപ്പുല്ല് നൽകണം.
വേദമന്ത്രങ്ങള്‍ ഉരുവിട്ട് പരമ്പരാഗതരീതിയിലുള്ള വിവാഹമാണ് ഗോശാലയിൽ നടക്കുക. വിവാഹത്തിന്റെ പൂജാവിധികള്‍ നിര്‍വഹിക്കുന്നതിനുള്ള പുരോഹിതരെ ഗോശാല അധികൃതര്‍ തന്നെ നിയോഗിക്കും. വിവാഹശേഷം വധുവിനെ ആഡംബരകാറിനു പകരം കാളവണ്ടിയിലായിരിക്കും യാത്രയാക്കുക. ഇതിനുള്ള കാളവണ്ടിയും ഗോശാല അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. വധൂവരന്മാര്‍ക്ക് വരണമാല്യം ചാര്‍ത്തുന്നതിനുള്ള പ്രത്യേകയിടവും ഒരുക്കിക്കഴിഞ്ഞു.
അതിഥികള്‍ക്കുള്ള ഇരിപ്പിടം പുല്ലുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ലഹരിപദാര്‍ഥങ്ങളും ഫാസ്റ്റ്ഫുഡും അനുവദനീയമല്ല. പൂര്‍ണമായും പരിസ്ഥിതിസൗഹൃദമായാണ് വിവാഹം നടക്കുക. അതിഥികള്‍ക്ക് താമസിക്കാനായി 35-40 കുടിലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ ഒരു കുടിലില്‍ പത്തുപേര്‍ക്ക് താമസിക്കാം.
ഒരു വിവാഹത്തിന് രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ ചെലവ് വരും. 500 പേർക്ക് വരെ പങ്കെടുക്കാം. മുഗൾ ഭരണത്തിന് മുമ്പുള്ള കാലഘട്ടത്തിൽ ഇത്തരം വിവാഹങ്ങൾ ഇന്ത്യയിൽ വിവാഹങ്ങൾ നടന്നിരുന്നുവെന്ന് ഗോശാല അധികൃതർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: