India

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്ക്; പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

Published by

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ കുട്ടി മരിച്ചു. ശ്രീതേജ് (9) ആണ് മരിച്ചത്. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ചികിത്സയില്‍ തുടരുന്നതിനിടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് രേവതി (35) സംഭവ ദിവസം തന്നെ മരിച്ചിരുന്നു. വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും. കുട്ടിയുടെ അമ്മ മരിച്ചതിനെ തുടർന്ന് നടൻ അല്ലു അർജുനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്‌ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്‌ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു.

തിയറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. രേവതിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അല്ലു രംഗത്തെത്തി. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അല്ലു അറിയിച്ചു.

തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിന് തിയറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യയ്‌ക്കാണ് പോലീസ് കേസെടുത്തത്. നടൻ അല്ലു അർജുന്‍,. തിയറ്റർ ഉടമകള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഡിസംബർ 13ന് മജിസ്ട്രേട്ട് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട താരത്തിന് വൈകിട്ട് ഹൈക്കോടതി രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചു. രാത്രി ജയിലിൽ കഴിയേണ്ടിവന്ന താരം പിറ്റേന്നാണ് മോചിതനായത്. മരണത്തിന് ഉത്തരവാദി അല്ലു അല്ലെന്നും കേസ് പിൻവലിക്കാൻ തയാറാണെന്നും മരിച്ച യുവതിയുടെ ഭർത്താവ് വ്യക്തമാക്കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by