Categories: News

സംസ്‌കൃതം ഭാരത സംസ്‌കാരത്തിന്റെ ചൈതന്യം: ഗവര്‍ണര്‍

Published by

തിരുവനന്തപുരം: ഭാരത സംസ്‌കാരത്തിന്റെ ചൈതന്യം നിലനിര്‍ത്തുന്നതില്‍ സംസ്‌കൃത ഭാഷയ്‌ക്കുള്ള പ്രാധാന്യമേറെയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാല സംസ്‌കൃതം വകുപ്പ് സംഘടിപ്പിച്ച ‘ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാനധാരയും’ എന്ന ത്രിദിന അന്തര്‍ദേശീയ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌കൃതത്തെ ഭാഷകളുടെ മാതാവായാണ് കാണുന്നത്. കൃതൃതയും സൂക്ഷ്മതയുമുള്ള ഭാഷയായ സംസ്‌കൃതത്തിന് ഭാരതത്തിന്റെ പൗരാണികതയുമായി അഭേദ്യമായ ബന്ധമുണ്ട്. ഭൂതകാല ഭാരതത്തിലെ മനുഷ്യ ചിന്തകളുടെയും അനുഭവങ്ങളുടെയും തനതായ കാഴ്ചപ്പാടും സാംസ്‌കാരിക മഹിമയും സംസ്‌കൃതം നല്‍കുന്നുണ്ട്. പാണിനിയുടെ വ്യാകരണം ഒരു ഭാഷയെന്ന തരത്തില്‍ സംസ്‌കൃതത്തിന് സ്ഥിരത നല്‍കി. സംസ്‌കൃതം എന്നത് വേദങ്ങളുടെയും ഉപവേദങ്ങളുടെയും ഭാഷ മാത്രമല്ല. നമ്മുടെ പല തത്വശാസ്ത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഉദയം ഈ ഭാഷയിലാണ്. നിയമം, കല, സംഗീതം, നൃത്തം, സാഹിത്യം, വൈദ്യശാസ്ത്രം, വാസ്തുവിദ്യ, ജ്യോതിശാസ്ത്രം, ജ്യോതിഷം, ഗണിതശാസ്ത്രം, ആയുര്‍വേദം ഇവയുമായി ബന്ധപ്പെട്ട പ്രധാന ഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടത് സംസ്‌കൃതത്തിലാണ്. നമ്മുടെ സാംസ്‌കാരിക പൈത്യകങ്ങളെ അതിന്റെ എല്ലാ പൂര്‍ണതകളോടെ മനസ്സിലാക്കാനാവുന്നതു സംസ്‌കൃതത്തിലൂടെയാണ്.

ഇതിന്റെയടിസ്ഥാനത്തില്‍ ഭാരതത്തിന്റെ അന്തസ് ഉയര്‍ത്തുന്നത് സംസ്‌കാരവും സംസ്‌കൃതവുമാണെന്ന് നിസംശയം പറയാം. സംസ്‌കൃതം പഠിക്കാതെ ഒരാള്‍ക്കും യഥാര്‍ത്ഥ ഭാരതീയനും അറിവുള്ള മനുഷ്യനുമാകാന്‍ കഴിയില്ലെന്നാണ് ഗാന്ധിജി പറഞ്ഞത്, ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ഐസിപിആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. സച്ചിദാനന്ദ മിശ്ര, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ ഡീനും വകുപ്പ് മേധാവിയുമായിമായിരുന്ന പ്രൊഫ. പി.സി. മുരളീമാധവന്‍, തിരുപ്പതി ശ്രീവെങ്കിട്ടേശ്വര വേദിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. റാണി സദാശിവ മൂര്‍ത്തി, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പി.എസ്. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവി വിജയകുമാരി സ്വാഗതം ആശംസിച്ചു. ഗായകന്‍ കാവാലം ശ്രീകുമാറിന്റെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക