World

ഗോലാന്‍ കുന്നുകള്‍ പൂര്‍ണമായും ഇസ്രയേല്‍ കീഴടക്കുന്നു

Published by

ടെല്‍ അവീവ്: സിറിയയില്‍ ബഷാര്‍ അസദ് സര്‍ക്കാരിന്റെ പതനത്തിനു പിന്നാലെ ഗോലാന്‍ കുന്നുകളിലെ കുടിയേറ്റം ഇസ്രയേല്‍ ഇരട്ടിയാക്കുന്നു. ഗോലാന്‍ കുന്നുകളില്‍ സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്കി.

1967ലെ ആറുദിന യുദ്ധത്തില്‍ ഗോലാന്‍ കുന്നുകളുടെ ഭൂരിഭാഗവും ഇസ്രയേല്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ പിന്നീടത് മരവിപ്പിക്കുകയായിരുന്നു. അസദിന്റെ വീഴ്ചയോടെ സിറിയയുമായുള്ള ഇസ്രയേലിന്റെ അതിര്‍ത്തിയില്‍ പുതിയ സൈനിക മുന്നണി ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

സിറിയയുമായി ഒരു സംഘര്‍ഷത്തിന് താത്പര്യമില്ല. എന്നാല്‍ അസദിനെ അട്ടിമറിച്ച് സിറിയയില്‍ ഭരണം പിടിച്ച ഹയാത് തഹ്രീര്‍ അല്‍ ഷംസ് (എച്ച്ടിഎസ്) നിലവില്‍ മൃദുസമീപനമാണ് പുലര്‍ത്തുന്നതെങ്കിലും ഇസ്രയേലിന് ഭീഷണി നിലനില്‍ക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. അസദ് രാജ്യംവിട്ടതിനു പിറ്റേന്ന് സിറിയയെ ഗോലാന്‍ കുന്നുകളില്‍നിന്ന് വേര്‍തിരിക്കുന്ന യുഎന്‍ ബഫര്‍ സോണിലേക്ക് ഇസ്രയേല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഡമാസ്‌കസിലെ ഭരണമാറ്റം വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകളെ തകര്‍ക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഇത്.

നിലവില്‍ മുപ്പതോളം ഇസ്രയേല്‍ സെറ്റില്‍മെന്റുകളാണ് ഗോലാന്‍ കുന്നിലുള്ളത്. ഇതില്‍ ഇരുപതിനായിരത്തോളം പേര്‍ താമസിക്കുന്നു. അത്രതന്നെ സിറിയന്‍ പൗരന്മാരും ഇവിടെയുണ്ട്. ഗോലാനിലേക്ക് 20,000 പേരെ കൂടി കൊണ്ടുവരാനാണ് ഇസ്രയേല്‍ നീക്കം. ഡിസംബര്‍ എട്ടിനുശേഷം 450ലേറെ വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ സിറിയയില്‍ നടത്തിയത്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തതായി യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. സിറിയയില്‍ ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഇനി ഇസ്രയേലിനുമുന്നില്‍ കാരണങ്ങളൊന്നുമില്ലെന്ന് വിമതവിപ്ലവത്തിന് നേതൃത്വം നല്കിയ എച്ച്ടിഎസ് നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by