തിരുവനന്തപുരം: സംസ്‌കൃതത്തിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കാന്‍ കഴിവുള്ള സംസ്ഥാനമാണ് കേരളമെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. പ്രസക്തമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സംസ്‌കൃതം ഇന്നും ഉപയോഗിക്കപ്പെടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, യാന്ത്രിക വിവര്‍ത്തനം എന്നിവയില്‍ സംസ്‌കൃതത്തെ വിജയകരമായി വിനിയോഗിക്കുന്നുണ്ട്. കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം ‘ആഗോള പ്രശ്‌നങ്ങളും ഭാരതീയ ജ്ഞാന പരമ്പരയും ‘ എന്ന വിഷയത്തില്‍ നടത്തുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. പൈതൃകത്തെ ആധുനിക സംരംഭകത്വവുമായി സമന്വയിപ്പിച്ചുകൊണ്ട് കേരളത്തിന് വലിയ നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. സംസ്‌കൃതം അധിഷ്ഠിത ടൂറിസം, ആയുര്‍വേദ ആരോഗ്യ സംരക്ഷണം എന്നിവ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്. ഗവര്‍ണര്‍ പറഞ്ഞു,
സംസ്‌കൃതം വിവിധ ഭാഷകളുടെ മാതാവായി പരിഗണിക്കപ്പെടുന്നു. ഈ ഭാഷയില്‍ ഇന്ത്യയുടെ പുരാതന വിജ്ഞാനസമ്പത്ത് സംഗ്രഹിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ സനാതന ധര്‍മ്മത്തിന്റെ പ്രാണന്‍ സംസ്‌കൃത ഭാഷയാണ്. വേദങ്ങളും ഉപവേദങ്ങളും ഉള്‍പ്പെടെ വിവിധ തത്വചിന്തകളും പൂരാണങ്ങളും ഇതിഹാസങ്ങളും സംസ്‌കൃതത്തിലാണ്.. നിയമം, കല, സംഗീതം, സാംസ്‌കാരിക പഠനങ്ങള്‍, ഔഷധശാസ്ത്രം എന്നിവയെക്കുറിച്ചുള്ള പ്രധാന ഗ്രന്ഥങ്ങളും സംസ്‌കൃതത്തില്‍ തന്നെ എഴുതപ്പെട്ടവയാണ്. പാണിനിയുടെ വ്യാകരണ വ്യവസ്ഥ സന്‍സ്‌കൃതത്തെ സ്ഥിരവ്യവസ്ഥയുള്ള ഭാഷയായി രൂപപ്പെടുത്തി. ഭൗതിക വിജ്ഞാനമേഖലയില്‍ സന്‍സ്‌കൃതത്തിന്റെ സംഭാവനകള്‍ ലോകമെമ്പാടും സ്വീകൃതമാവുകയും ചെയ്തു. ആരീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ പ്രൊഫ: മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകന്‍ കാവാലം ശ്രീകുമാറിന്റെ പ്രാര്‍ത്ഥനയോടെ സമാരംഭിച്ച സമ്മേളനത്തില്‍ ഐസിപിആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ: സച്ചിദാനന്ദ മിശ്ര, തിരുപ്പതി ശ്രീവെങ്കടേശ്വര വേദിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ:റാണി സദാശിവമൂര്‍ത്തി,പ്രൊഫ:മുരളി മാധവന്‍, സിണ്ടിക്കേറ്റ് മെമ്പര്‍ .ഗോപകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .സെമിനാര്‍ പ്രബന്ധ സംഗ്രഹം വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സംസ്‌കൃത വിഭാഗം മേധാവി ഡോ:സി എന്‍ വിജയകുമാരി സ്വാഗതം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക