India

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും; തമിഴർക്ക് അവകാശപ്പെട്ട ഒരുപിടി മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്ന് തമിഴ്‌നാട് മന്ത്രി

Published by

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മന്ത്രി ഐ. പെരിയസ്വാമി. തമിഴ്‌നാട്ടുകാരുടെ സ്വപ്നമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ സ്വപ്നം ഡിഎംകെ ഭരണത്തിലൂടെ യാഥാര്‍ഥ്യമാക്കും. തമിഴ്‌നാടിന് അവകാശപ്പെട്ട ഒരുപിടി മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്നും തമിഴ്‌നാട് ഗ്രാമ വികസന തദ്ദേശ വകുപ്പ് മന്ത്രി ഐ. പെരിയസ്വാമി പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇക്കാര്യം ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നതായും പെരിയസ്വാമി പറയുന്നു. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമാണ് പെരിയസ്വാമിയുടെ പ്രതികരണം. സുപ്രീംകോടതി വിധി പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന് അവകാശമുണ്ട്. വൈക്കം സന്ദര്‍ശിക്കുന്ന സമയത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇക്കാര്യം സംസാരിക്കാന്‍ തീരുമാനിച്ചിരുന്നതായും പെരിയസാമി പറഞ്ഞു.

അതേസമയം കഴിഞ്ഞയാഴ്ച കേരളം തമിഴ്‌നാടിന് മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഏഴു ജോലികള്‍ക്കായി നിബന്ധനയോടെയാണ് അനുമതി. സ്പില്‍വേയിലും സിമന്റ് പെയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് തമിഴ്‌നാട് നടത്തുന്നത്. പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതുവരെ ജനങ്ങളുടെ ഭീതി ഒഴിവാക്കുന്നതിനായി നിലവിലുള്ള അണക്കെട്ടില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്ക് മാത്രമാണ് അനുമതി നല്‍കുന്നതെന്ന് ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നൽകിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന സമയവും ദിവസവും മുന്‍കൂട്ടി അറിയിക്കണം. ഇടുക്കി എംഐ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടേയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസര്‍മാരുടേയോ സാന്നിധ്യത്തില്‍ മാത്രമേ പണികള്‍ നടത്താവൂ. വനനിയമങ്ങള്‍ പാലിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയില്‍ മാത്രമായിരിക്കും വാഹനങ്ങള്‍ക്ക് അനുമതി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by