മേളങ്ങളുടെ ഈറ്റില്ലമായ തൃശ്ശൂരിലെ പെരുവനം ഗ്രാമത്തില്‍നിന്നു തബലയിലെ മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ വലതുകരത്തില്‍ വീരശൃംഖല അണിയുന്നതുകാണാന്‍ പൂരനാട്ടിലെത്തിയത് വന്‍പുരുഷാരമായിരുന്നു. 2017ലാണ് സാക്കിര്‍ പെരുവനത്തെത്തിയത്. മുംബൈ ആസ്ഥാനമായുള്ള ‘കേളി’ എന്ന കലാസംഘടനയുടെ ആഭിമുഖ്യത്തിലാണ് തബലയിലെ ഉസ്താദിനെ രാജമുദ്രചാര്‍ത്തിയ വീരശൃംഖലയണിയിച്ചത്. കേരളീയര്‍ ഏറെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വാദ്യകലാകാരനായിരുന്നു ഉസ്താദ് സാക്കിര്‍ ഹുസൈന്‍ എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ചടങ്ങിനെത്തിയ ജനസമുദ്രം. സാക്കിര്‍ ഹുസൈന്‍ മേളകലയെ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കലോപാസകനുമായിരുന്നു.
ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലെ പ്രത്യേക വേദിയിലായിരുന്നു പെരുവനം കുട്ടന്‍മാരാരും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും ഉസ്താദിനൊപ്പം’ത്രികാല’ത്തിന് അരങ്ങുണര്‍ത്തിയത്. യശഃശരീരരായ കുമരപുരം അപ്പുമാരാര്‍, പെരുവനം നാരായണന്‍ നമ്പീശന്‍, ചാത്തക്കുടം കൃഷ്ണന്‍നമ്പ്യാര്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ക്കു മുമ്പില്‍ സാക്കിര്‍ ഹുസൈനാണ് ദീപം തെളിയിച്ചത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചത്. പെരുവനം കുട്ടന്‍മാരാര്‍ നയിച്ച പാണ്ടിമേളപ്പെരുക്കത്തില്‍ ഉസ്താദ് മതിമറന്നുപോയി. അന്ന് വേദിയില്‍ ‘പെരുവനം ഗ്രാമം: ചരിത്രം കലയിലൂടെ’ എന്ന പദ്ധതിയുടെ ഉദ്ഘാടനവും സാക്കിര്‍ നിര്‍വഹിച്ചു. വിവിധ കലകളേയും കലാകാരന്മാരേയും ചരിത്രത്തേയും പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന വിപുല പദ്ധതിയായിരുന്നു അത്.
കലാരംഗത്തെ ശ്രേഷ്ഠരായ പി.കെ.നാരായണന്‍ നമ്പ്യാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, അന്നമനട പരമേശ്വര മാരാര്‍, തൃക്കൂര്‍ രാജന്‍ എന്നിവര്‍ ചേര്‍ന്ന് സാക്കിര്‍ ഹുസൈനെ വീരശൃംഖല അണിയിച്ചു. ഉസ്താദും സാരംഗി കലാകാരന്‍ ദില്‍ഷാദ്ഖാനും ചേര്‍ന്നൊരുക്കിയ തബലക്കച്ചേരി മേളനാടിനെ കോരിത്തരിപ്പിച്ചു. മട്ടന്നൂരിന്റെ ചെണ്ടയിലെ മനോധര്‍മത്തിലേക്ക് സാക്കിര്‍ ഹുസൈന്‍ വിരല്‍പ്പെരുക്കവുമായി നടത്തിയ ലയവിന്യാസം ആസ്വാദകര്‍ക്ക് അപൂര്‍വ അനുഭൂതിയായി. 18 വാദ്യത്തിനും മീതെ നില്‍ക്കുന്ന തോലിട്ടവാദ്യമായ ചെണ്ടയുടെ മേളപ്പെരുമയും ഭാരതത്തിന്റെ അഭിമാനമായ തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്റെ തബലയിലെ താളപ്പെരുക്കവും സംഗമിച്ച അനുപമസംഗമോത്സവത്തിനാണ് അന്നത്തെ സായംസന്ധ്യ വേദിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: