Editorial

ഉസ്താദ് സാക്കീര്‍ ഹുസൈന്‍: വിസ്മയം സൃഷ്ടിച്ച മാന്ത്രിക വിരലുകള്‍

Published by

വിരലുകളാല്‍ വിസ്മയതാളം തീര്‍ത്ത മഹാമാന്ത്രികനായിരുന്നു ഉസ്താദ് സാക്കീര്‍ ഹുസൈന്‍. ആസ്വാദകരെ സംഗീതത്തിന്റെ മായികപ്രപഞ്ചത്തിലേറ്റി, ലോകം ചുറ്റിയ ഭാരതത്തിന്റെ പ്രിയ സംഗീതജ്ഞന്റെ വേര്‍പാട് ഏവരെയും ദുഃഖിതരാക്കുന്നു. ആ മാന്ത്രികവിരലുകളെ സംഗീതാസ്വാദകര്‍ അത്രത്തോളം പ്രണയിച്ചു. കണ്ണുചിമ്മുന്നതിനേക്കാള്‍ വേഗത്തിലാണ് തബലയില്‍ ഉസ്താദിന്റെ വിരലുകള്‍ ചലിച്ചത്. ഭാരതത്തിന്റെ സംഗീത പാരമ്പര്യത്തില്‍ ആഴത്തിലുള്ള ജ്ഞാനവും സിദ്ധിയുമാണ് സാക്കിര്‍ ഹുസൈനെ ലോകമറിയുന്ന സംഗീതജ്ഞനാക്കി മാറ്റിയത്. അതോടൊപ്പം പാശ്ചാത്യ സംഗീതത്തിലുള്ള അറിവും അവഗാഹവും ശ്രദ്ധേയനാക്കി.

തബല ഇതിഹാസം കൂടിയായ അച്ഛന്‍ ഉസ്താദ് അളളാ രഖ കാതില്‍ ചൊല്ലിക്കൊടുത്ത താളക്കണക്കുകളാണ് സാക്കീര്‍ ഹുസൈന് അവസാന നിമിഷംവരെ കരുത്തായത്. അള്ളാ രഖ കാണിച്ചുകൊടുത്ത വഴികളിലൂടെ വളര്‍ന്ന അദ്ദേഹം തബലയെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തി. വളരെ ചെറുപ്രായത്തില്‍ത്തന്നെ മഹാന്മാരായ പല സംഗീതജ്ഞര്‍ക്കുമൊപ്പം തബല വായിച്ചു തുടങ്ങി. ആദ്യമായി ഏഴാമത്തെ വയസ്സില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ പിതാവിന് പകരക്കാരനായി തബല വായിച്ചു. പിന്നീട് പന്ത്രണ്ടാമത്തെ വയസ്സില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറുരൂപയ്‌ക്ക് ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. ആ വര്‍ഷം തന്നെ പാറ്റ്‌നയില്‍ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം ആസ്വാദകരുടെ മുന്‍പില്‍ മഹാനായ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാന്‍, ഷഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു. ലോകത്തെ വിസ്മയിപ്പിക്കാന്‍ തയ്യാറെടുക്കുന്ന അത്ഭുതപ്രതിഭയുടെ വളര്‍ച്ചയുടെ പടവുകളായിരുന്നു അതെല്ലാം.

ഭാരതത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ വളര്‍ച്ച. 1970ല്‍, അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ വയസ്സിലാണ് അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവിശങ്കറിനൊപ്പം കച്ചേരി അവതരിപ്പിച്ചത്. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാകുമ്പോള്‍ പ്രായം 19 മാത്രം. സാക്കീര്‍ ഹുസൈന്റെ സംഗീതലോകത്തെ ജൈത്രയാത്രയ്‌ക്ക് പിന്നീട് വേഗം കൂടി. വര്‍ഷത്തില്‍ ഇരുന്നൂറിലധികം ദിവസങ്ങള്‍ അദ്ദേഹം കച്ചേരികള്‍ നടത്തി. വിദേശരാജ്യങ്ങളിലായിരുന്നു അവയിലേറെയും. ഓരോ രാജ്യത്തെയും സംഗീതജ്ഞര്‍ അദ്ദേഹത്തെ കൂട്ടു കിട്ടാന്‍ മത്സരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താളവാദ്യ വിദഗ്ധരെ സമന്വയിപ്പിച്ച് പ്ലാനറ്റ് ഡ്രം എന്ന പേരില്‍ അമേരിക്കന്‍ താളവാദ്യ വിദഗ്ധന്‍ മിക്കി ഹാര്‍ട് തയാറാക്കിയ ആല്‍ബത്തില്‍ ഭാരതത്തില്‍നിന്നു ഘടം വിദഗ്ധന്‍ വിക്കു വിനായകറാമിനൊപ്പം സാക്കീര്‍ ഹുസൈനുമുണ്ടായിരുന്നു. 1991ല്‍ ലോകത്തിലെ മികച്ച സംഗീത ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ഈ ആല്‍ബത്തിലൂടെ ആദ്യമായി സാക്കീര്‍ ഹുസൈന്‍ സ്വന്തമാക്കി. പിന്നീടും ഗ്രാമി പുരസ്‌കാരമടക്കം നിരവധി ബഹുമതികള്‍ ലോകമെങ്ങുനിന്നും അദ്ദേഹത്തെ തേടിയെത്തി. 2016ല്‍ വൈറ്റ്ഹൗസില്‍ നടന്ന ഓള്‍ സ്റ്റാര്‍ ഗ്ലോബല്‍ കണ്‍സേര്‍ട്ടില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ക്ഷണം ലഭിച്ചു. ഭാരതത്തില്‍ നിന്നുള്ള ഒരു സംഗീതജ്ഞന് ആദ്യമായാണ് ആ അംഗീകാരം കിട്ടിയത്. ഭാരതം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നല്‍കി. ലോകം ഈ കലാകാരനെ അത്രയേറെ സ്‌നേഹിച്ചു, ആദരിച്ചു.

മഹാനായ സാക്കിര്‍ ഹുസൈന്‍ നമ്മുടെ കൊച്ചുകേരളത്തിലും അത്ഭുതം തീര്‍ത്തു. 2017ല്‍ മേള പ്രമാണിമാരുടെ തട്ടകമായ തൃശൂര്‍ പെരുവനത്ത് വിസ്മയം തീര്‍ക്കാന്‍ അദ്ദേഹം എത്തി. സാക്കീര്‍ ഹുസൈനെ വരവേറ്റത് പെരുവനം കുട്ടന്‍ മാരാരും സംഘവും ചേര്‍ന്നുള്ള മേളത്തോടെയായിരുന്നു. സാരംഗി വിദഗ്ധന്‍ ദില്‍ഷാദ് ഖാനോടൊപ്പം അദ്ദേഹം സൃഷ്ടിച്ചത് കേരളം അതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത സംഗീതത്തിന്റെ പെരുമഴക്കാലമായിരുന്നു…എങ്ങനെ മറക്കും ഉസ്താദിനെ.

തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് മലയാളക്കരയുടെ ആദരാഞ്ജലി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by