ബ്രിസ്ബേന്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് വിജയപ്രതീക്ഷ. അതേസമയം തോല്‍വി ഒഴിവാക്കാന്‍ ഭാരതത്തിന് മഴ കനിയണം. ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെയും മഴ കളി തടസ്സപ്പെടുത്തിയെങ്കിലും നാളെയും മറ്റന്നാളും മഴ വിട്ടുനിന്നാല്‍ വിജയം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഓസീസിന്റെ പ്രതീക്ഷ.
ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍ 445 റണ്‍സിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ഭാരതം 17 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴ അഞ്ചാം തവണയും കളി മുടക്കിയത്. ഇതിനു പിന്നാലെ വെളിച്ചക്കുറവും പ്രശ്നം സൃഷ്ടിച്ചതോടെ, മൂന്നാം ദിനത്തിലെ കളി അവസാനിപ്പിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
രണ്ട് ദിവസം ബാക്കിനില്‍ക്കേ ഒന്നാം ഇന്നിങ്സില്‍ ഭാരതം 394 റണ്‍സ് പിന്നിലാണ്. രണ്ട് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ത്ത്. കെ.എല്‍. രാഹുല്‍ (33), രോഹിത് ശര്‍മ (0) എന്നിവരാണ് ക്രീസില്‍.
മഴ ഇടയ്ക്കിടെ തടസ്സപ്പെടുത്തിയതോടെ ഇന്നലെ ആകെ 33.1 ഓവര്‍ മാത്രമാണ് കളിക്കാനായത്. ഓസ്ട്രേലിയ 16.1 ഓവറും ഭാരതം 17 ഓവറുമാണ് കളിച്ചത്. രണ്ട് ദിവസം കൂടി ശേഷിക്കെ ഭാരതത്തെ പെട്ടന്ന് പുറത്താക്കിയാല്‍ ഓസീസീന് വിജയപ്രതീക്ഷയുണ്ടാകും. എന്നാല്‍ വരും ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നുള്ള പ്രപചനമുണ്ട്. ഈ പ്രവചനമാണ് തോല്‍വി ഒഴിവാക്കുന്നതില്‍ ഭാരതത്തിന് നേരിയ പ്രതീക്ഷ നല്‍കുന്നത്.
മൂന്നാം ദിനം ഏഴിന് 405 എന്ന നിലയിലാണ് ഓസീസ് ബാറ്റിങ് തുടങ്ങിയത്. 40 റണ്‍സിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും ആതിഥേര്‍ക്ക് നഷ്ടമായി. ഏഴ് റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന മിച്ചല്‍ സ്റ്റാര്‍ക്കാണ് ആദ്യം മടങ്ങിയത്. 18 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ബുംറയുടെ പന്തില്‍ ഋഷഭ് പന്ത് മടക്കി. പിന്നാലെ ലിയോണ്‍ (2), ക്യാരി എന്നിവരെ സിറാജും ആകാശ് ദീപും മടക്കി. 88 പന്തുകള്‍ നേരിട്ട് 70 റണ്‍സെടുത്ത ക്യാരി രണ്ട് സിക്സും ഏഴ് ഫോറും നേടി ഏറ്റവും അവസാനമാണ് പുറത്തായത്. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്രയാണ് ഭാരത ബൗളര്‍മാരില്‍ തിളങ്ങിയത്. മുഹമ്മദ് സിറാജ് രണ്ടും ആകാഷ് ദീപ് സിങ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
തുടര്‍ന്ന് ഒന്നാം ഇന്നിങ്സ് ആരംഭിച്ച ഭാരതത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. നാല് റണ്‍സെടുത്ത യശസ്വി ജയ്സ്വാളാണ് ആദ്യം മടങ്ങിയത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ ശുഭ്മാന്‍ ഗില്ലും മടങ്ങി. മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സെടുത്ത ഗില്ലിനെയും സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. അധികം കഴിയും മുന്നേ വിശ്വസ്തനായ വിരാട് കോഹ്ലിയും പുറത്തായി. 16 പന്തുകളില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത കോഹ്ലിയെ ഹെയ്സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി പിടികൂടി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ച് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. തുടര്‍ന്നെത്തിയ ഋഷഭ് പന്തിനും ഏറെ ആയുസ്സുണ്ടായില്ല. 12 പന്തില്‍ നിന്ന് 9 റണ്‍സെടുത്ത പന്തിനെ കമ്മിന്‍സിന്റെ പന്തില്‍ ക്യാരി പിടികൂടി. ഇതോടെ ഭാരതം നാലിന് 44 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ഹെയ്സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: