ന്യൂദല്‍ഹി: ശ്രീലങ്കയുടെ സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷന് എല്ലാ സഹായവും നല്‍കാമെന്ന് ഭാരതം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകയും തമ്മിലുള്ള ചര്‍ച്ചകളില്‍ ശ്രീലങ്കയ്‌ക്ക് പ്രതിസന്ധിയുടെ നാളുകളില്‍ നല്‍കിയ വായ്‌പ്പകള്‍ പുനഃക്രമീകരിച്ചുനല്‍കാനും പ്രതിരോധ രംഗത്ത് കൂടുതല്‍ സഹായം നല്‍കാനും തീരുമാനമായി.
പ്രതിസന്ധി സമയത്ത് ഭാരതം അടിയന്തര ധനസഹായവും 4 ബില്യണ്‍ ഡോളറിന്റെ വിദേശ നാണ്യവും അടക്കം സമാനതകളില്ലാത്ത സഹായം നല്‍കിയതിന് ശ്രീലങ്കന്‍ പ്രസിഡന്റ് ദിസനായക പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു. ശ്രീലങ്കയുടെ കടം പുനഃക്രമീകരിച്ചു നല്‍കും. 20.66 മില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയതിന് ഭാരതത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ലങ്കയിലെ കാങ്കേശന്‍ തുറയ്‌ക്കുമിടയില്‍ പാസഞ്ചര്‍ ഫെറി സര്‍വീസ് പുനരാരംഭിച്ചതില്‍ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു. രാമേശ്വരത്തിനും തലൈമന്നാറിനും ഇടയില്‍ പാസഞ്ചര്‍ ഫെറി സര്‍വീസ് പുനരാരംഭിക്കാനും തീരുമാനിച്ചു.കാങ്കേശന്‍ തുറ ഭാരത സഹായത്തോടെ പുനരുദ്ധരിക്കും.
ശ്രീലങ്കയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പ്രതിരോധ പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും ഭാരതം നല്‍കും. ചെന്നൈയ്‌ക്കും ജാഫ്‌നയ്‌ക്കും ഇടയിലുള്ള വിമാനങ്ങള്‍ പുനരാരംഭിക്കും. ശ്രീലങ്കയിലെ വിമാനത്താവളങ്ങള്‍വികസിപ്പിക്കാന്‍ സഹായിക്കും. പോയിന്റ് പെഡ്രോ ഫിഷിങ് ഹാര്‍ബറിന്റെ വികസനം, കാരൈനഗര്‍ ബോട്ട് യാര്‍ഡിന്റെ പുനരുദ്ധാരണം എന്നിവയ്‌ക്കും ഭാരതം സഹായിക്കും.
ഭാരതത്തില്‍ നിന്ന് ശ്രീലങ്കയിലേക്ക് എല്‍എന്‍ജി വിതരണം ആരംഭിക്കും. ഭാരതവും ശ്രീലങ്കയും തമ്മില്‍ ഉയര്‍ന്ന ശേഷിയുള്ള പവര്‍ ഗ്രിഡ് ഇന്റര്‍കണക്ഷന്‍ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക